

ഡൽഹി: വീണ്ടും സമരാഹ്വാനവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് സമരത്തിന് ആഹ്വാനം നൽകിയത്. ജൂൺ ആറിന് ശനിയാഴ്ച സമരം നടത്താനാണ് സിജെപി നേതാവ് ആഹ്വാനം നൽകിയത്. സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ആളുകൾ സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അഭിജിത് ദിപ്കെ പറഞ്ഞു.
പ്രതിഷേധത്തിന് വിദ്യാർത്ഥി യൂണിയനുകൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അഭിജിത് ലൈവിൽ എത്തിയത്. താൻ ശനിയാഴ്ച രാവിലെ 8 മണിക്ക് ഡൽഹി എയർപോർട്ടിൽ എത്തിച്ചേരുമെന്നും എയർപോർട്ടിൽ ഇറങ്ങിയ ശേഷം എല്ലാവരും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും അറിയിച്ചു. നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, ജന്തർ മന്ദിറിൽ പ്രതിഷേധിക്കാൻ ഉദ്ദേശിക്കുന്ന വിവരം അവർ പോലീസിനെ അറിയിക്കുമെന്നും ദിപ്കെ പറഞ്ഞു. സിസ്റ്റത്തിന്റെ പോരായ്മകൾ കാരണം ബുദ്ധിമുട്ടിലായ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുക എന്നതാണ് ഈ സമരത്തിന്റെ ലക്ഷ്യമെന്നാണ് സിജെപി സ്ഥാപകൻ വ്യക്തമാക്കുന്നത്.
തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയൊരു തെറ്റുപോലും സമരത്തെ തകർക്കാനോ അപകീർത്തിപ്പെടുത്താനോ മറ്റുള്ളവർ ഉപയോഗിച്ചേക്കാം. അതിനാൽ ഇന്ത്യൻ ഭരണഘടനയിൽ പൂർണ്ണമായി വിശ്വസിച്ചുകൊണ്ട്, സമാധാനപരമായ രീതിയിൽ ഒത്തുകൂടി പ്രതിഷേധിക്കണമെന്നാണ് സിജെപി സ്ഥാപകൻ നിർദേശിക്കുന്നത്.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും സിബിഎസ്ഇ മൂല്യനിർണയ ക്രമക്കേടും ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ സർക്കാരിനെതിരെയാണ് യുവാക്കളുടെ പോരാട്ടം. ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്നാണ് സിജെപിയുടെ ആവശ്യം.
Content Highlights: Cockroach Janata Party founder Abhijeet Dipke has called for another protest, drawing attention with his political statement