

ബെംഗളൂരു: മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഡി കെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും. ചടങ്ങിനായി മുഖ്യമന്ത്രി വി ഡി സതീശൻ ബെംഗളൂരുവിലെത്തി. ചടങ്ങിൽ വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രിമാരായ പി സി വിഷ്ണുനാഥ്, റോജി എം ജോൺ എന്നിവരും പങ്കെടുക്കും.
കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിലെ മന്ത്രിമാർ ആരൊക്കെയെന്നതിൽ ധാരണയായി. മുഖ്യമന്ത്രി ഡി കെ ശിവകുമാറും 10 മന്ത്രിമാരും നാളെ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. നാളെ വൈകിട്ട് 4. 15നാണ് സത്യപ്രതിജ്‌ഞ. മന്ത്രിസഭയിൽ രണ്ടു മലയാളികളും ഇടംപിടിച്ചു. കെ ജെ ജോർജും യു ടി ഖാദറുമാണ് മന്ത്രിസഭയിൽ ഇടംപിടിച്ച മലയാളികൾ. സിദ്ധരാമയ്യ സർക്കാരിൽ ഊർജ മന്ത്രിയായിരുന്ന
കെ ജെ ജോർജ് കോട്ടയം ജില്ലയിലെ കിടങ്ങൂർ സ്വദേശിയാണ്. സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് നിയമസഭ സ്‌പീക്കറായിരുന്ന യു ടി ഖാദർ കാസർകോട് ജില്ലയിലെ ഉള്ളാൽ സ്വദേശിയാണ്. മംഗലൂരു നിയമസഭമണ്ഡലത്തിൽ നിന്നും നാലാം തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ പ്രധാന വകുപ്പുകളിലൊന്നിൽ മന്ത്രിയാകും. മുതിർന്ന നേതാക്കളായ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി, എംബി പാട്ടീൽ, പ്രിയങ്ക് ഖർഗെ തുടങ്ങിയവരും മന്ത്രിമാരാകുമെന്നാണ് വിവരം. ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനെക്കുറിച്ചും കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്.
Content Highlights:Kerala Chief Minister and several state ministers are expected to attend the swearing-in ceremony of DK Shivakumar as Karnataka's new Chief Minister.