

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി പദവിയിൽ നിന്ന് രാജിവെച്ച സിദ്ധരാമയ്യ ഇന്ന് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തും. 9 മണിക്ക് ഡൽഹിയിൽ വെച്ചാണ് കൂടിക്കാഴ്ച്ച. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി ഉടൻ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ സിദ്ധരാമയ്യ സംസ്ഥാന രാഷ്ട്രീയത്തിൽ തുടരുമോ അതോ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഇന്ന് രാഹുൽ ഗാന്ധിയെ കണ്ട് ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കുമെന്നാണ് വിവരം.
സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ നീക്കം. 2029 ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സിദ്ധരാമയ്യയെ ദേശീയ തലത്തിലേക്ക് എത്തിക്കുന്നതെന്നാണ് കോൺഗ്രസ് പറയുന്നത്. ഒബിസി വിഭാഗത്തെ പ്രതിനിധീകരിച്ച് സിദ്ധരാമയ്യക്ക് ദേശീയ തലത്തിൽ നിരവധി കാര്യങ്ങൾ ചെയ്യാനാകുമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരായ്യ രാജിവെച്ചതിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ജാതി സെൻസസിനായി പോരാടുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിയിൽ ഒരു ഒബിസി മുഖ്യമന്ത്രി പോലുമില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്. സിദ്ധരാമയ്യയെ കോൺഗ്രസ് വഞ്ചിച്ചെന്നാണ് ബിജെപി പറയുന്നത്. ബിജെപിക്ക് ഒബിസി വിഭാഗത്തിൽ നിന്ന് പ്രധാനമന്ത്രിയുണ്ടെന്നും മറ്റ് എല്ലാ വിഭാഗത്തിൽ നിന്നും മന്ത്രിമാരുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ജനകീയതയ്ക്ക് മുകളിൽ പണാധിപത്യമെന്നും ബിജെപി ആരോപിച്ചു.
അതേസമയം, കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തില്‍ തനിക്ക് താത്പര്യമില്ലെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ എംഎല്‍എയായി തന്നെ പ്രവര്‍ത്തനം തുടരാം എന്ന നിലപാടിലാണ് അദ്ദേഹം. എന്നാല്‍ കേന്ദ്ര നേതൃത്വം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്റെ ഈ നിലപാട് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.
Content Highlights:Karnataka leader Siddaramaiah is set to meet the Congress high command and hold discussions with Rahul Gandhi and Mallikarjun Kharge amid key political developments.