

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന പ്രവചനവുമായി ടിഎംസിയുടെ രാജ്യസഭാ എം പി സുഖേന്ദു ശേഖർ റോയ്. ദേശീയ രാഷ്ട്രീയത്തിൽ പോലും പാർട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും. ഇപ്പോൾ ഒരു പാർട്ടിയും തൃണമൂലുമായി കൈകോർക്കില്ലെന്നും സുഖേന്ദു വ്യക്തമാക്കി എൻഡിടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സുഖേന്ദുവിന്റെ തുറന്ന് പറച്ചിൽ. ആർജി കർ സംഭവം കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നുവെന്നും സുഖേന്ദു ശേഖർ റോയ് ചൂണ്ടിക്കാണിച്ചു. കുറ്റവാളികളെ സംരക്ഷിക്കാൻ വ്യക്തമായ ശ്രമം ഉണ്ടായിരുന്നു. അതിനായി പോലീസിനെ ഉപയോഗിച്ചു. ആർജി കർ വിഷയവും തുടർന്നുള്ള പ്രതിഷേധങ്ങളും ജനങ്ങളുടെ വികാരം പാർട്ടിക്കെതിരാണെന്നതിന്റെ ആദ്യ സൂചന നൽകിയതായും പാർട്ടി അത് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സുഖേന്ദു കൂട്ടിച്ചേർത്തു.
പാർട്ടി നേതാക്കൾ നടത്തിയ അഴിമതിയുടെ കൊടുമുടി അചിന്തനീയമാണ്, അത് നിയന്ത്രിക്കുന്നതിൽ മമത ബാനർജി പരാജയപ്പെട്ടുവെന്നും സുഖേന്ദു കുറ്റപ്പെടുത്തി. ഹിന്ദു മതത്തെക്കുറിച്ചുള്ള പരാമർശങ്ങളിലൂടെ മമത ബാനർജി ആളുകളെ അകറ്റിനിർത്തിയെന്നും സുഖേന്ദു കൂട്ടിച്ചേർത്തു. ഇതെല്ലാം കണക്കിലെടുത്താൽ, പരാജയം അനിവാര്യമാണെന്നും താഴെത്തട്ട് മുതൽ മുകൾത്തട്ട് വരെയുള്ള എല്ലാ നേതാക്കളും അതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സുഖേന്ദു ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിൻ്റെ സംഘടനയായ ഐ-പിഎസിയെയും സുഖേന്ദു പ്രതിക്കൂട്ടിൽ നിർത്തിയിട്ടുണ്ട്. 'പാർട്ടിയുടെ പ്രചാരണത്തിന് ഐ-പിഎസിനെ നിയോഗിച്ചത് പാർട്ടി നമ്പർ രണ്ടാമനായ തൃണമൂലിന്റെ രാജ്യസഭാ എംപി അഭിഷേക് ബാനർജിയാണ്. പാർട്ടിയിലെ അദ്ദേഹത്തിന്റെ ഉയർച്ചയെ പലരും എതിർത്തിരുന്നു. 2018 ൽ ഐ-പിഎസി നിയമിച്ചപ്പോൾ പാർട്ടിയുടെ പഴയ തലമുറയിൽ നിന്ന് വലിയ എതിർപ്പുണ്ടായിരുന്നു, എന്നാൽ 2021 ൽ പാർട്ടിയുടെ വൻ വിജയം വിമർശകരെ നിശബ്ദരാക്കി. എന്നിരുന്നാലും, ഇത്തവണ അഭിപ്രായങ്ങൾ വളരെ രൂക്ഷമാണ്. പാർട്ടിയെ നശിപ്പിക്കാൻ ഐ-പിഎസിന് ചുവപ്പു പരവതാനി നൽകി' എന്നും സുഖേന്ദു വിമർശിച്ചു.
'അഹങ്കാരം മുതൽ അഴിമതി വരെ നിരവധി ആരോപണങ്ങൾ ഐ-പിഎസിക്കെതിരെ ഉയർന്നിട്ടുണ്ട്. മമത ബാനർജിയെ അപ്രാപ്യമാക്കിയത് ഐ-പിഎസി ആണെന്ന് പല നേതാക്കളും പറഞ്ഞു. ഐ-പിഎസി പാർട്ടി സ്ഥാനങ്ങൾ പണത്തിന് വിൽക്കുന്നുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിട്ടു'ണ്ടെന്നും സുഖേന്ദു ചൂണ്ടിക്കാണിച്ചു.
നേരത്തെ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ച തൃണമൂൽ എംപി കകോലി ഘോഷ് തന്റെ രാജി കത്തിൽ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഐ-പിഎസിക്കെതിരെ പ്രതികരിച്ച കകോലി ഘോഷ് പൊതുവിതരണ സംവിധാനത്തിലെ അഴിമതി, അധ്യാപക നിയമനം, ഭരണത്തിലും ധനകാര്യത്തിലുമുള്ള ക്രമക്കേടുകൾ, കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിലെ ഡോക്ടറുടെ മരണം എന്നിവയും കത്തിൽ പരാമർശിച്ചിട്ടുണ്ട്. തനിക്കും ധാർമ്മിക കുത്ത് അനുഭവപ്പെട്ടിട്ടുണ്ടെന്നും അവർ കത്തിൽ പരാമർശിച്ചിട്ടുണ്ട്.
മമത ബാനർജി എല്ലാ അഴിമതികളെയും അവഗണിച്ചു. മമതയും അഭിഷേക് ബാനർജിയും ഇത്തരത്തരമൊരു ഫലത്തിന് ഉത്തരവാദികളാണെന്നായിരുന്നു മുൻ മന്ത്രി പാർത്ഥ ചാറ്റർജി എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞത്. പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുവെന്നും മുൻ ജനറൽ സെക്രട്ടറി കൂടിയായ പാർത്ഥ ചാറ്റർജി വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: TMC MP Sukhendu Shekhar Roy has made a massive statement claiming that the Trinamool Congress will end within a few days while sharply criticizing Mamata Banerjee. Read the latest political update from West Bengal