തൃണമൂലില്‍ വ്യാപക കൊഴിഞ്ഞുപോക്ക്, രാജിവച്ചത് 100കൗണ്‍സിലര്‍മാര്‍, BJP യോഗത്തിൽ പങ്കെടുത്ത് TMC എംപി

അഴിമതി, പിടിച്ചുപറി, ഭീഷണി എന്നീ പ്രവര്‍ത്തനങ്ങളില്‍ ടിഎംസി കൗണ്‍സിലര്‍മാര്‍ അറസ്റ്റിലായിട്ടുമുണ്ട്

തൃണമൂലില്‍ വ്യാപക കൊഴിഞ്ഞുപോക്ക്, രാജിവച്ചത് 100കൗണ്‍സിലര്‍മാര്‍, BJP യോഗത്തിൽ പങ്കെടുത്ത് TMC എംപി
dot image

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ ശക്തിയാര്‍ജ്ജിച്ച തൃണമൂല്‍ കോണ്‍ഗ്രസിന് അടിപതറുന്നു. നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും വന്‍ കൊഴിഞ്ഞുപോക്ക്. മുതിര്‍ന്ന നേതാവും ലോക്‌സഭ എംപിയുമായ കാക്കോലി ഘോഷ് ദാസ്തിദാര്‍ പരസ്യമായി തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ട്. അതേസമയം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും നൂറോളം കൗണ്‍സിലര്‍മാര്‍ രാജിവച്ചു. ഇതോടെ തൃണമൂല്‍ ആധിപത്യം പുലര്‍ത്തിയിരുന്ന മുന്‍സിപ്പാലിറ്റികളില്‍ ബിജെപിക്ക് പുതിയ വഴികള്‍ തെളിഞ്ഞുവരികയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്തവര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പല തദ്ദേശസ്ഥാപനങ്ങളിലും കൊഴിഞ്ഞുപോക്ക് വ്യാപകമായത്. കാക്കോലി ഘോഷ് ദാസ്തിദാര്‍ എംപി ബംഗാള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഇദ്ദേഹത്തിനൊപ്പം രണ്ട് ടിഎംസി എംഎല്‍എമാരും യോഗത്തിലുണ്ടായിരുന്നു. ബാരാസാത്ത് എംപിയായ കാക്കോലി ബിജെപിയിലേക്ക് ചുവടുമാറ്റുമെന്നാണ് റിപ്പോര്‍ട്ട്.

മമതയുടെ ഏറ്റവും അടുത്ത അനുയായിയായ കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കിം സ്ഥാനമൊഴിയുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ പലതരത്തിലുള്ള പ്രചരണങ്ങളും ആരംഭിച്ചിട്ടുണ്ട്. കൗണ്‍സിലര്‍മാരോട് രാജിവയ്ക്കരുതെന്ന് മമത നിരന്തരം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ നിന്നും വേര്‍പെട്ട്, 1998ല്‍ തൃണമൂല്‍ രൂപീകരിച്ചതിന് ശേഷം നേരിടുന്ന ഏറ്റവും മോശമായ അവസ്ഥയാണിത്. മുമ്പ് മമതയുടെ കൃത്യമായ ഇടപെടലാണ് പാര്‍ട്ടിയെ പിടിച്ചുനിര്‍ത്തിയിരുന്നത്. സാഹചര്യം മാറിയതോടെ പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുകയാണ്.

സുവേന്ദു അധികാരി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തദ്ദേശസ്ഥാപനങ്ങളുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമെന്നും പിന്നാലെ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. പിന്നാലെ ടിഎംസി കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ ഓഫീസില്‍ പോകുന്നത് നിര്‍ത്തി. ഇത്തരം ഓഫീസുകളില്‍ പിന്നീട് സര്‍ക്കാര്‍ പുതിയ നിയമനങ്ങള്‍ നടത്താന്‍ ആരംഭിച്ചെന്ന് നഗരവികസന മുന്‍സിപ്പല്‍കാര്യ മന്ത്രി അഗ്നിമിത്ര പോള്‍ വ്യക്തമാക്കി. അഴിമതി, പിടിച്ചുപറി, ഭീഷണി എന്നീ പ്രവര്‍ത്തനങ്ങളില്‍ ടിഎംസി കൗണ്‍സിലര്‍മാര്‍ അറസ്റ്റിലായിട്ടുമുണ്ട്. അതേസമയം അഴിമതി ആരോപണങ്ങള്‍ നേരിട്ട, ടിഎംസി നേതാവ് ദേബ് രാജ് ചക്രവര്‍ത്തിയുടെ അനുയായിയായ കൗണ്‍സിലര്‍ സഞ്ജയ് ദാസ് ജീവനൊടുക്കിയ സംഭവവും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Content Highlights: Trinamool Congress is facing a major setback after around 100 councillors reportedly resigned

dot image
To advertise here,contact us
dot image