

ന്യൂഡല്‍ഹി: സിബിഎസ്ഇ മൂല്യനിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് എംപി കത്തിലൂടെ ആവശ്യപ്പെട്ടു. ഒഎസ്എം(ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്ങ്) പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവകാശങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
അതേസമയം മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും സിബിഎസ്ഇ പരീക്ഷയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തില്‍ സിബിഎസ്ഇ പരീക്ഷാ നടത്തിപ്പില്‍ ഉണ്ടായിട്ടുള്ള ക്രമക്കേടുകള്‍ അതീവ ഗൗരവകരമാണ്. ഇത്തരം വീഴ്ചകള്‍ വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനത്തെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയാണ് കത്തയച്ച വിവരം അദ്ദേഹം അറിയിച്ചത്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും കടുത്ത ആശങ്കയാണ് സമകാലിക സംഭവങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തണം. കുറ്റക്കാര്‍ക്കെതിരെ കാലതാമസമില്ലാതെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറാകണം. വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: KC has written to the Prime Minister regarding the CBSE issue, stating that it is concerning to see students taking to the streets to demand their rights