പരീക്ഷാ പേപ്പറിൻ്റെ പകർപ്പിൽ മൂല്യനിർണയം ചെയ്യാത്ത പേജുകൾ, ഉത്തരക്കടലാസ് മാറി നൽകി: CBSEക്കെതിരെ വീണ്ടും പരാതി

നിരവധി വിദ്യാർത്ഥികൾക്ക് അവരുടെ ഉത്തര കടലാസുകളല്ല ലഭിച്ചതെന്നാണ് പരാതി

പരീക്ഷാ പേപ്പറിൻ്റെ പകർപ്പിൽ മൂല്യനിർണയം ചെയ്യാത്ത പേജുകൾ, ഉത്തരക്കടലാസ് മാറി നൽകി: CBSEക്കെതിരെ വീണ്ടും പരാതി
dot image

ഡൽഹി: സിബിഎസ്ഇ പുനർ‌ മൂല്യനിർണയ ക്രമക്കേടിൽ കൂടുതൽ പരാതികൾ നൽകി വിദ്യാർത്ഥികൾ. പരീക്ഷാ പേപ്പർ പകർപ്പ് പി ഡി എഫായി നൽകിയത് രജിസ്റ്റർ നമ്പർ നോക്കാതെയെന്ന് ആരോപണം. ഉത്തരക്കടലാസ് പകർപ്പ് മാറി നൽകിയതിലും വിദ്യാർത്ഥികൾ പരാതിപ്പെട്ടിട്ടുണ്ട്. നിരവധി വിദ്യാർത്ഥികൾക്ക് അവരുടെ ഉത്തര കടലാസുകളല്ല ലഭിച്ചതെന്നാണ് പരാതി.

ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയതിൽ പിഴവെന്നും വിദ്യാർത്ഥികൾ. പുനർമൂല്യനിർണയം നടത്തുന്നതിനായി ഉത്തരക്കടലാസിൻ്റെ പകർപ്പ് എടുത്തപ്പോഴാണ് മൂല്യനിർണയത്തിലെ പിഴവ് കണ്ടെത്തിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഉത്തരക്കടലാസിലെ ചില പേജുകൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

സിബിഎസ്ഇ പുനർ‌ മൂല്യനിർണയ ക്രമക്കേട് ആരോപണത്തെ തുടർന്ന് വെബ്സെറ്റിൻ്റെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ നിലയിലാകുമെന്ന് സിബിഎസ്ഇ ഉറപ്പ് നൽകിയിരുന്നു. ഇന്ന് സിബിഎസ്ഇ യോ​ഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തുമെന്നാണ് അറിയിച്ചിരുന്നത്.റീഫണ്ട് നടപടികൾ തുടങ്ങുമെന്നും അതികൃതർ പറഞ്ഞിരുന്നു. ഇതിനിടയിലാണ് കൂടുതൽ ​ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് വിദ്യാർത്ഥികൾ എത്തുന്നത്.

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ പുനർ മൂല്യനിർണയത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. വെബ്സൈറ്റിലെ പ്രശ്നങ്ങൾ കാരണം പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ കഴിയുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി. അപേക്ഷ നൽകാനായി ഉയർന്ന ഫീസ് നൽക്കേണ്ട സാഹചര്യമുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.

പരീക്ഷാ പേപ്പറിന്റെ പകർപ്പ് എടുക്കുന്നതിനും ഉയർന്ന ഫീസ് ഇടാക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു.100 രൂപയാണ് സിബിഎസ്ഇ നിശ്ചയിച്ചത്. എന്നാൽ വൻ തുക ഈടാക്കുന്നതായാണ് വിദ്യാർത്ഥികൾ പറയുന്നത്. 69,000 രൂപ മുതൽ 8,000 രൂപ വരെ അടച്ചതിന്റെ സ്ക്രീൻഷോട്ട് വിദ്യാർത്ഥികൾ പങ്കുവെച്ചിരുന്നു. അക്കൗണ്ടിൽ നിന്ന് പണം പോയിട്ടും പോർട്ടലിൽ ക്രഡിറ്റായില്ലെന്ന് പറയുന്ന സംഭവവും ഉണ്ടായിരുന്നു. ഡൗൺലോഡ് ചെയ്ത ഉത്തരക്കടലാസിന്റെ പകർപ്പുകൾ അവ്യക്തമെന്ന പരാതികളും ശക്തമായിരുന്നു.

ഈ മാസം 21നാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം വന്നത്. ഇത്തവണ സിബിഎസ്ഇ അവലംബിച്ചത് ഓൺ സ്ക്രീൻ മൂല്യനിർണയമാണ്. പരീക്ഷാ പേപ്പറുകൾ സ്കാൻ ചെയ്ത് മാർക്കുകൾ നേരിട്ട് സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നതാണ് രീതി. എന്നാൽ പരിഷ്കരിച്ച രീതി തിരിച്ചടിയായി. ഫലപ്രഖ്യാപനത്തിന് പിന്നാലെ വ്യാപക പരാതികളും വിമർശനങ്ങളുമാണ് ഉയർന്നുവന്നത്. പ്രതീക്ഷിച്ച മാർക്കുകൾ ലഭ്യമായില്ലെന്നും സൈറ്റുകളിൽ അവ്യക്തത തുടരുകയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

Content Highlights:More students have submitted complaints alleging irregularities in the CBSE revaluation process. The issue has intensified concerns regarding transparency and accuracy in exam evaluation procedures

dot image
To advertise here,contact us
dot image