ഫാൾട്ട റീപോളിങ്ങ്: 'പ്രകടമായ ക്രമക്കേട് നടന്നു'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണമുയ‍ർത്തി ടിഎംസി

ടിഎംസി നേതാവ് അഭിഷേക് ബാന‍ർജിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണനോട് വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടത്

ഫാൾട്ട റീപോളിങ്ങ്: 'പ്രകടമായ ക്രമക്കേട് നടന്നു'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണമുയ‍ർത്തി ടിഎംസി
dot image

കൊൽക്കത്ത: റീപോളിങ്ങ് നടന്ന പശ്ചിമ ബം​ഗാളിലെ ഫാൾട്ട നിയമസഭാ മണ്ഡലത്തിൽ ബിജെപി ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി തൃണമൂൽ കോൺ​ഗ്രസ്. തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായ പൊരുത്തരക്കേടുകൾ കാണുന്നുണ്ടെന്ന് പറഞ്ഞാണ് തൃണമൂൽ കോൺ​ഗ്രസ് രം​ഗത്തെത്തിയത്. ടിഎംസി നേതാവ് അഭിഷേക് ബാന‍ർജിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടത്. എക്സ് പോസ്റ്റ് പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളുടെയും കൗണ്ടിംഗ് ഏജന്റുമാർക്ക് പോളിംഗ് കേന്ദ്രങ്ങളിൽ പ്രവേശനം നിഷേധിച്ചതായി അഭിഷേക് ബാനർജി ആരോപിച്ചു.

എന്നാൽ ആരോപണങ്ങൾ തള്ളി കളഞ്ഞ് ബിജെപി നേതാവും ബം​ഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ടിഎംസിയുടെ 'ഡയമണ്ട് ഹാർബർ' മോഡൽ 'തൃണമൂൽ ലോസ്-ബാർ' മോഡലായി മാറിയെന്ന് പരിഹസിച്ചാണ് സുവേന്ദു അധികാരി രംഗത്തെത്തിയത്. എക്സ് പോസ്റ്റ് പങ്കുവെച്ചായിരുന്നു പ്രതികരണം. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം സ്വന്തമായി വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ബം​ഗാളിലെ ജനങ്ങൾക്ക് തിരിച്ചറിവുണ്ടായി, യാഥാർത്ഥ്യം വെളിച്ചത്തുവന്നു എന്നാണ് സുവേന്ദു പറഞ്ഞത്.

റീപോളിങ്ങ് നടന്ന പശ്ചിമ ബം​ഗാളിലെ ഫാൾട്ട നിയമസഭാ മണ്ഡലത്തിൽ ബിജെപിയാണ് വിജയിച്ചത്. ബിജെപിയുടെ ദേബാങ്ഷു പാണ്ഡ1,09,021 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിപിഐഎമ്മിൻ്റെ സ്ഥാനാർത്ഥി ശംഭുനാഥ് കുർമിയാണ് രണ്ടാമതെത്തിയത്. 40,645 വോട്ടാണ് സിപിഐഎം സ്ഥാനാർ‌ത്ഥി നേടിയത്. ബിജെപി സ്ഥാനാർത്ഥി ദേബാങ്ഷു പാണ്ഡെ 1,49,666 വോട്ടാണ് നേടിയത്. മത്സരത്തിൽ നിന്ന് പിന്മാറിയ തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർ‌ത്ഥി ജഹാം​ഗീർ ഖാൻ 7783 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മണ്ഡലത്തിൽ ആകെയുള്ള 2.36 ലക്ഷം വോട്ടർമാരിൽ 87% ത്തിലധികം പേരാണ് റീ പോളിങ്ങിൽ വോട്ട് രേഖപ്പെടുത്തിയത്.

റീപോളിങ്ങിന് രണ്ട് ദിവസം മുമ്പ് തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ജഹാം​ഗീർ ഖാൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് പിന്മാറിയിരുന്നു. തൃണമൂൽ കോൺ​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എം പിയുടെ പാർലമെൻ്റ് മണ്ഡലമായ ഡയമണ്ട് ഹാർബറിൽ ഉൾപ്പെട്ട നിയമസഭാ മണ്ഡലമാണ് ഫാൾട്ട.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം അഭിഷേക് ബാനർജിയും മമത ബാനർജിയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളാരും ഫാൾട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നില്ല. പോളിങ്ങ് ഏജൻ്റുമാരെ പോലും കിട്ടാനില്ലാത്തതിനാലാണ് തൃണമൂൽ സ്ഥാനാർത്ഥി പിന്മാറിയതെന്ന് സുവേന്ദു അധികാരി പരിഹസിച്ചിരുന്നു.

Content Highlights:Trinamool Congress accused the Election Commission after BJP secured a victory of over one lakh votes in the repoll held in West Bengal’s Falta assembly constituency.

dot image
To advertise here,contact us
dot image