സുഹൃത്തുക്കളെ കൂടുതൽ സമ്പന്നരാക്കാൻ മോദി പാവങ്ങളുടെ പോക്കറ്റിൽ കയ്യിട്ടുവാരുന്നു; ഇന്ധനവില വർധനയിൽ കോൺഗ്രസ്

പണപ്പെരുപ്പത്തിന്റെ ആശാൻ പിടിച്ചുപറി നിര്‍ത്തുന്നതിന്റെ ഒരു ലക്ഷണവുമില്ലെന്നും കോൺഗ്രസ് പരിഹസിച്ചു

സുഹൃത്തുക്കളെ കൂടുതൽ സമ്പന്നരാക്കാൻ മോദി പാവങ്ങളുടെ പോക്കറ്റിൽ കയ്യിട്ടുവാരുന്നു; ഇന്ധനവില വർധനയിൽ കോൺഗ്രസ്
dot image

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മുതലാളി സുഹൃത്തുക്കളെ കൂടുതല്‍ സമ്പന്നരാക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും അതിനായി പാവങ്ങളുടെ പോക്കറ്റില്‍ കയ്യിട്ടുവാരുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തെ പൗരന്മാര്‍ പണപ്പെരുപ്പം മൂലം ദുരിതത്തിലാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

'പണപ്പെരുപ്പത്തിൻ്റെ ആശാൻ 11 ദിവസത്തിനിടെ പെട്രോള്‍- ഡീസര്‍ വില 8 രൂപയാണ് കൂട്ടിയത്. ഇന്നും പെട്രോളിന് 2.87 രൂപയും ഡീസലിന് 2.80 രൂപയും വര്‍ധിച്ചു. മെയ് 15 ന് പെട്രോളിന് 3.29 രൂപയും ഡീസലിന് 3.11 രൂപയും കൂടി. മെയ് 19-ന് പെട്രോളിന് 96 പൈസയും ഡീസലിന് 94 പൈസയും കൂടി. മെയ് 23-ന് പെട്രോളിന് 94 പൈസയും ഡീസലിന് 95 പൈസയും കൂടി. മെയ് 25-ന് പെട്രോളിന് 2.87 രൂപയും ഡീസലിന് 2.80 രൂപയും കൂടി. ആകെ കൂടിയത്: പെട്രോളിന് 8.06 രൂപ. ഡീസലിന് 7.80 രൂപ. മുതലാളി സുഹൃത്തുക്കളെ കൂടുതല്‍ സമ്പന്നരാക്കാന്‍ മോദി സാധാരണക്കാരായ ജനങ്ങളുടെ പോക്കറ്റില്‍ കയ്യിടുകയാണ്. ജനങ്ങള്‍ പണപ്പെരുപ്പത്താല്‍ വലയുകയാണ്. അവര്‍ ദുരിതത്തിലാണ്. പക്ഷെ പണപ്പെരുപ്പത്തിന്റെ ആശാൻ പിടിച്ചുപറി നിര്‍ത്തുന്നതിന്റെ ഒരു ലക്ഷണവുമില്ല'; എന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം.

പുതിയ നിരക്കനുസരിച്ച് ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 102.12 രൂപയും ഡീസൽ വില ലിറ്ററിന് 95. 20 രൂപയുമാണ്.കഴിഞ്ഞ ദിവസമാണ് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വര്‍ധിപ്പിച്ചത്. അതേസമയം, ആഗോള വിപണയില്‍ എണ്ണ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 98.22 ഡോളറിലെത്തി. വിലയിൽ 5.1 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക- ഇറാന്‍ ചർച്ചകള്‍ തുടരുന്നതിനിടെയാണ് എണ്ണ വിലയിലെ ഇടിവ്.

Content Highlights: Modi is digging into the pockets of the poor to make his friends richer: Congress on fuel price hike

dot image
To advertise here,contact us
dot image