

ചെന്നൈ: കോണ്‍ഗ്രസിന് സാമാന്യ മര്യാദയും നന്ദിയുമില്ലെന്ന് തുറന്നടിച്ച് ഡിഎംകെ നേതാവും തമിഴ്നാട് നിയമസഭ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ബിജെപി തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നതിന് പിന്നിലെ യഥാർത്ഥ കാരണം കോണ്‍ഗ്രസാണെന്നും ഉദയനിധി സ്റ്റാലിന്‍ വിമര്‍ശിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെയും അനുയായികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായുമാണ് ബിജെപിയുടെ തുടര്‍ച്ചയായ വിജയത്തിന് പിന്നില്‍ എന്നാണ് താന്‍ ആദ്യം കരുതിയത്. എന്നാല്‍ ബിജെപിയുടെ മേധാവിത്വത്തിന് യഥാര്‍ത്ഥ കാരണക്കാർ കോണ്‍ഗ്രസ് തന്നെയാണെന്ന് ഉദയനിധി പറഞ്ഞു.
ഡിഎംകെ പ്രവര്‍ത്തകര്‍ രക്തവും വിയര്‍പ്പുമൊഴുക്കി തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കഠിന പരിശ്രമം നടത്തി. സഖ്യകക്ഷികള്‍ നല്‍കിയ പിന്തുണയ്ക്ക് കോണ്‍ഗ്രസിന് നന്ദിയില്ല. ഇനി ഭാവിയിലെ ഒരു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസില്‍ ഡിഎംകെ വിശ്വാസം അര്‍പ്പിക്കില്ലെന്നും ഉദയനിധി പറഞ്ഞു. ജനങ്ങള്‍ കോണ്‍ഗ്രസിന് കൃത്യമായി പാഠംപഠിപ്പിക്കുമെന്നും ഉദയനിധി കൂട്ടിച്ചേർത്തു.
ഉദയനിധിയുടെ പരാമര്‍ശം പ്രതിപക്ഷ നിരയില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അതേസമയം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍, വിസികെ, ഐയുഎംഎല്‍ പാര്‍ട്ടികള്‍ ഡിഎംകെയുടെ സഖ്യകക്ഷികളായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസ് വിജയ് നയിക്കുന്ന ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
Content Highlights: Udhayanidhi Stalin launched a sharp criticism against the Congress while commenting on issues related to the TVK alliance in Tamil Nadu