വിശ്വാസ വോട്ടെടുപ്പ് ; വിശ്വാസം നേടി വിജയ്‌, ടിവികെ കുതിരക്കച്ചവടം നടത്തുകയാണെന്ന് ഉദയനിധി സ്റ്റാലിൻ

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് ഡിഎംകെ അംഗങ്ങൾ‍ ഇറങ്ങിപ്പോയത്

വിശ്വാസ വോട്ടെടുപ്പ് ; വിശ്വാസം നേടി വിജയ്‌, ടിവികെ കുതിരക്കച്ചവടം നടത്തുകയാണെന്ന് ഉദയനിധി സ്റ്റാലിൻ
dot image

ചെന്നൈ : വിശ്വാസ വോട്ടെടുപ്പിൽ 144 വോട്ടുകൾ നേടി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. 22 പേർ എതിർത്ത് വോട്ട് ചെയ്തു. അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വിശ്വാസ വോട്ടെടുപ്പിൽ നിന്ന് ഡിഎംകെ അംഗങ്ങൾ ഇറങ്ങിപ്പോയി. ഡിഎംകെ വിട്ടു നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് ഡിഎംകെ അംഗങ്ങൾ‍ ഇറങ്ങിപ്പോയത്.

ടിവികെക്കെതിരെ നിയമഭസഭയില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ ആഞ്ഞടിച്ചു. ടിവികെ കുതിരക്കച്ചവടം നടത്തുകയാണെന്നും ഒരു പ്രധാന പാർട്ടിയെ പിളർത്തിയത് ടിവികെയാണെന്നും ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചു. തമിഴ്നാട്ടിലെ 65 ശതമാനം പേരും സർക്കാരിനെതിരെ വോട്ടു ചെയ്തവരാണെന്നും ഭൂരിപക്ഷത്തിനായി ഡിഎംകെ കക്ഷികളെ ഉപയോഗിക്കുന്നുവെന്നും ഉദയനിധി ആരോപിച്ചു.

അതേസമയം ടിവികെ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമെന്നും സ്റ്റാലിൻ സർക്കാരിന്റെ സമൂഹ പ്രതിബദ്ധതയുള്ള പദ്ധതികൾ പൂർത്തിയാക്കുമെന്നും വിജയ് സഭയിൽ വ്യക്തമാക്കി. പിന്തുണച്ച കക്ഷികൾക്കെല്ലാം വിജയ് നന്ദി പറഞ്ഞു.


മതേതര മുഖമുള്ള സർക്കാരായിരിക്കും തന്റേത്. സാമൂഹിക നീതി ഉറപ്പാക്കും. ടിവികെയെ എതിർക്കുന്നവർക്ക് കൂടി വേണ്ടിയുള്ളതാണ് തന്റെ സർക്കാർ എന്നും വിജയ് പറഞ്ഞു. കുതിരക്കച്ചവടമില്ലെന്നും ജോത്സ്യനെ നിയമിച്ച നടപടിയ്ക്ക് എതിരെ ഉയർന്ന ആരോപണം പരിശോധിക്കുമെന്നും വിജയ് സൂചന നൽകി.

വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. 118 എന്ന കേവലഭൂരിപക്ഷ മാന്ത്രിക സഖ്യ തികയ്ക്കാൻ കഴിഞ്ഞതോടെയാണ് ഗവർണർ അർലേക്കർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. ആറ് വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമ്‌ഴിനാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വിജയ്ക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും.

ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്‍, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്‍, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

Content Highlight : Tamil Nadu Chief Minister C Joseph Vijay wins trust vote by 144 votes

dot image
To advertise here,contact us
dot image