

ന്യൂഡല്‍ഹി: കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും അസമിലും പുതുച്ചേരിയിലും ഇന്ന് വോട്ടെണ്ണല്‍. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന പശ്ചിമബംഗാളില്‍ 294-ല്‍ 293 മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് ഇന്ന് നടക്കുക. ഏപ്രില്‍ 23-നും 29-നും രണ്ട് ഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 92. 47 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പശ്ചിമബംഗാളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗുരുതര ക്രമക്കേട് കണ്ടെത്തിയ ഫാള്‍ട്ടാ മണ്ഡലത്തില്‍ വോട്ടെടുപ്പ് പൂര്‍ണമായും റദ്ദാക്കി.
സംഘര്‍ഷഭരിതമായിരുന്നു ബംഗാളിലെ വോട്ടെടുപ്പ് കാലം. വോട്ടെണ്ണല്‍ ദിനത്തിലും സംഘര്‍ഷമുണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് ബംഗാളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ജാഗ്രത വേണമെന്ന് പോളിംഗ് ഏജന്റുമാര്‍ക്ക് മമതാ ബാനര്‍ജി നിര്‍ദേശം നല്‍കി. വോട്ടെടുപ്പ് പൂര്‍ണമായും റദ്ദാക്കിയ ഫള്‍ട്ടാ മണ്ഡലത്തില്‍ ഗുരുതരമായ ക്രമക്കേടുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്. വ്യാജ വോട്ടര്‍ ഐഡി ഉപയോഗിച്ച് വോട്ട് ചെയ്തു. താമര ചിഹ്നം സ്റ്റിക്കറൊട്ടിച്ചു. സിസിടിവി ഫൂട്ടേജുകള്‍ നഷ്ടമായി എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് 21-നാണ് ഫാള്‍ട്ടയില്‍ റീ പോളിംഗ് നടക്കുക.
തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലേക്കായി നടന്ന വോട്ടെടുപ്പില്‍ 85.1 ശതമാനമായിരുന്നു പോളിംഗ്. ഡിഎംകെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെയുളള സഖ്യത്തിന് ഭരണത്തുടര്‍ച്ചയുണ്ടാകും എന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രഖ്യാപിച്ചത്. വിജയ്‌യുടെ ടിവികെ എത്രത്തോളം വോട്ടുകള്‍ നേടും എന്നത് പ്രസക്തമാണ്. അതിനിടെ തമിഴ്‌നാട്ടില്‍ വിജയിക്കുന്ന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ടിവികെ നീക്കം തുടങ്ങിയിട്ടുണ്ട്. ഉടന്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്താനും സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഭരണത്തുടര്‍ച്ച നേടുമെന്ന് ഡിഎംകെയും ഭരണമാറ്റം ഉണ്ടാകുമെന്ന് എന്‍ഡിഎയും ടിവികെയും പ്രതീക്ഷിക്കുന്നു.
അസമില്‍ 85 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. 126 മണ്ഡലങ്ങളാണ് അസമിലുളളത്. 30 സീറ്റുകളുളള പുതുച്ചേരിയില്‍ എന്‍ഡിഎയുടെ ഭാഗമായ എഐഎന്‍ആര്‍ കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ച നേടുമെന്നാണ് പ്രവചനം.
Content Highlights: Tamil Nadu, West Bengal, Assam, Puducherry; Assembly election results to be known today