

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്‌സായ ഹാഷിറേ ഗ്യാങ്ങിനെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ എസ് എ സംവിധാനം ചെയ്ത വാഴ 2 ബോക്‌സ് ഓഫീസിൽ വൻ നേട്ടം ആണ് നേടിയത്. വിപിൻ ദാസ് രചനയും നിർമാണവും നിർവഹിച്ച ചിത്രം 200 കോടിക്ക് മുകളിൽ ആണ് ആഗോള തലത്തിൽ നിന്ന് വാരിക്കൂട്ടിയത്. സിനിമയിൽ പ്രധാന വേഷത്തിൽ വിനോദ് കെടാമംഗലവും എത്തിയിരുന്നു. വാഴയിലെ വേഷം വിനോദിന്റെ സിനിമ കരിയറിൽ പ്രധാനമാണ്. സിനിമകൾ ഇല്ലാതിരുന്ന സമയത്തെക്കുറിച്ച് പറയുകയാണ് വിനോദ്. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'സിനിമാലയുണ്ടായിരുന്ന കാലഘട്ടം എന്നെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നു. കാരണം ഇഷ്ടം പോലെ പ്രോഗ്രാമുകൾ. സിനിമാലയ്ക്ക് പുറമെ അതിന് അനുബന്ധമായി വിദേശത്ത് പ്രോഗ്രാമുകൾ. സജീവമായി പ്രോഗ്രാമുകൾ ചെയ്ത കാലഘട്ടമായിരുന്നു അത്. പിന്നെ സിനിമാല നിന്നു. സിനിമയിലേക്ക് വന്നു. കാലഘട്ടത്തിന് അനുസരിച്ച് സ്റ്റേഡിന്റെ സ്വഭാവം മാറി. പ്രോഗ്രാമുകൾ കുറഞ്ഞു. സിനിമകളിലേക്ക് മാത്രം ശ്രദ്ധ കൊടുത്തു. സിനിമയിൽ നിന്ന് അവസരങ്ങൾ വരാതാകുമ്പോൾ മാനസികമായി തളരും.
കുറേ സിനിമകൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം വരുന്നില്ല. സംവിധായകൻമാരും കൺട്രോളർമാരും സുഹൃത്തുക്കളായത് കൊണ്ട് സിനിമയിൽ എവിടെയെങ്കിലും നമ്മളെ ഉൾപ്പെടുത്തും. പക്ഷെ ശ്രദ്ധേയമായിരുന്നില്ല. അത് വല്ലാത്തൊരു ഘട്ടമായിരുന്നു. ഈ രംഗത്ത് നിൽക്കണമെന്ന ആഗ്രഹം കൊണ്ട് വല്ലാത്ത ആത്മവിശ്വാസത്തിൽ പിടിച്ച് നിൽക്കുകയായിരുന്നു. കുടുംബത്തിന്റെ വലിയ പിന്തുണയും. ഒരു സമയത്തും അവരിൽ നിന്ന് ബുദ്ധിമുട്ടുണ്ടായിട്ടില്ല.
സിനിമാല നിന്ന് പോയ കാലഘട്ടം ഭീകരമായിരുന്നു. 20 വർഷം തുടർന്ന ഷോയാണ്. 10 വർഷത്തോളം ഞങ്ങളാണ് സജീവമായി നിന്നത്. സിനിമാല വലിയൊരു അഡ്രസ് ആയിരുന്നു. നിർത്തിയപ്പോൾ വലിയ ശൂന്യതയായി. എല്ലാവരും ഛിന്നഭിന്നമായി. ഇപ്പോഴും ഇടയ്ക്ക് ഞങ്ങൾ കൂടാറുണ്ട്. വർഷത്തിലൊരിക്കൽ ഞങ്ങളെല്ലാവരും യാത്ര പോകും,' വിനോദ് കെടാമംഗലം പറഞ്ഞു.
അതേസമയം, വാഴ 2 വിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹാഷിർ, അജിൻ, അലൻ, വിനായകൻ എന്നിവരുടെ പെർഫോമൻസിനൊപ്പം ബിജുക്കുട്ടൻ, സുധീഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും വലിയ ശ്രദ്ധ പിടിച്ചുപറ്റി. കോമഡിയും ഇമോഷണൽ സീനുകളുമെല്ലാം ഒരുപോലെ പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ടു. പാട്ടുകളും വൻ ഹിറ്റായി. തെലുങ്കിൽ ഡബ്ബ് ചെയ്തപ്പോഴും വലിയ വിജയമാണ് സിനിമ അവിടെ നിന്നും നേടിയത്. സിനിമയ്ക്ക് മൂന്നാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. വാഴ 3 പെണ്‍കുട്ടികളുടെ കഥയാണെന്നാണ് വിപിന്‍ദാസ് കുറിച്ചിരിക്കുന്നത്. 'വാഴ 3 - ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ ബയോപിക്കായിരിക്കും. വിശ്വന്‍ ശ്രീജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Content Highlights: Actor Vinod Kedamangalam has opened up about a difficult phase in his career, revealing that he experienced mental exhaustion when opportunities in films began to decline. His candid remarks shed light on the challenges faced by artists during periods of uncertainty in the industry.