

ന്യൂഡൽഹി: ലോക മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ പിന്നിലായത് ചൂണ്ടിക്കാട്ടി ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ബിജെപി സർക്കാർ ന്യൂസ് റൂമുകളെ നിശബ്ദമാക്കിയെന്നാണ് കോൺഗ്രസ് പറയുന്നത്. ആരെയും ഭയപ്പെടുത്താൻ സർക്കാർ നോക്കേണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നാലാണ്. 180 രാജ്യങ്ങളിലെ കണക്ക് പ്രകാരം ഇന്ത്യ മാധ്യമ സ്വാതന്ത്ര്യത്തിൽ 157ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 151-ാം സ്ഥാനത്തായിരുന്നു.
മാധ്യമ സ്വാതന്ത്ര്യം കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും മോശം നിലയിലെത്തിയെന്നാണ് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ വ്യക്തമാക്കുന്നത്. 180 രാജ്യങ്ങളിലെ മാധ്യമപ്രവർത്തന സാഹചര്യങ്ങൾ വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ പകുതിയിലധികം രാജ്യങ്ങളിലും മാധ്യമ സ്വാതന്ത്ര്യം അതീവ ഗുരുതര അവസ്ഥയിലാണ്.
ഇന്ത്യ, ഈജിപ്ത്, തുർക്കിയ ഉൾപ്പെടെ 60 ശതമാനത്തിലധികം രാജ്യങ്ങളും മാധ്യമപ്രവർത്തനത്തെ ക്രിമിനൽ കുറ്റമാക്കുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മികച്ച നിലയിൽ ഒന്നാം സ്ഥാനത്ത് നോർവേയാണ്. ആഫ്രിക്കൻ രാജ്യമായ എറിത്രിയ ഏറ്റവും ഒടുവിൽ 180-ാം സ്ഥാനത്താണ്. ഇസ്രയേലിൻ്റെ സ്ഥാനം 116-ാമതാണ്. അമേരിക്ക 64-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും അപകടകരമായ മേഖലകൾ കിഴക്കൻ യൂറോപ്പും പശ്ചിമേഷ്യയുമാണ്. 2023 ഒക്ടോബറിന് ശേഷം ഗാസയിൽ മാത്രം ഇസ്രയേൽ സൈന്യം ഇരുന്നൂറിലധികം മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Content Highlights: Congress sharply criticizes BJP government, citing India's lagging behind in global media freedom