

തരുവനന്തപുരം: സംസ്ഥാനം കാത്തിരുന്ന ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ പുറത്തുവരും. ആദ്യം തപാല്‍ വോട്ടുകളും പിന്നാലെ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ശുഭ പ്രതീക്ഷയോടെമുന്നണികളെല്ലാം വിജയം ആഘോഷിക്കാനുറള്ള തയാറെടുപ്പിലാണ്.
രാവിലെ എട്ടിന് പോസ്‌റ്റൽ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) എണ്ണി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞിരുന്നു. കൃത്യമായ കാര്യങ്ങൾ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളു എന്ന് നിർദേശം നൽകിയിട്ടുണ്ട്.
140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്‌മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും 5563 കൗണ്ടിങ് അസിസ്റ്റൻഡുമാരും ഉൾപ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്. 32,301 പൊലീസ് ഉദ്യോഗസ്‌ഥർ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യൂആർ കോഡുള്ള ഐഡി നിർബന്ധമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മെയ് ആറ് വരെ ബാധകമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. ഏഴ് മണിക്ക് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറക്കും.
കേരളത്തിന് പുറമേ തമിഴ്നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വോട്ടെണ്ണൽ ഇന്നാണ്. സാമാജികരുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ആറ് സംസ്ഥാനങ്ങളിലെ എട്ട് സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും.
Content Highlights: kerala assembly election 2026 results today