രാജ്യസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ വോട്ട് ചെയ്തു, ഹരിയാനയില്‍ 5 കോൺഗ്രസ് MLAമാർക്ക് സസ്പെൻഷൻ

രാജ്യസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ വോട്ട് ചെയ്തു; ഹരിയാനയിലെ 5 കോണ്‍ഗ്രസ് MLAമാര്‍ക്ക് സസ്‌പെന്‍ഷന്‍

രാജ്യസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ വോട്ട് ചെയ്തു, ഹരിയാനയില്‍ 5 കോൺഗ്രസ് MLAമാർക്ക് സസ്പെൻഷൻ
dot image

ഛണ്ഡിഗഡ്: അച്ചടക്കം ലംഘനം നടത്തിയ ഹരിയാനയിലെ അഞ്ച് എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടിയുമായി കോണ്‍ഗ്രസ്. അഞ്ചുപേരെയും പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞമാസം നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ വോട്ടു ചെയ്തവര്‍ക്കെതിരെയാണ് നടപടി.

നരേന്‍ഗഡ്, സദൗര, രാത്തിയ, പുന്‍ഹാന, ഹാത്തന്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും യഥാക്രമം ഷൈലി ചൗധരി, രേണു ബാല, സര്‍ദാര്‍ ജാര്‍നെയില്‍ സിങ്, മുഹമ്മദ് ഇലിയാസ്, മുഹമ്മദ് ഇസ്രേല്‍ എന്നീ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തതായി ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ റാവു നരേന്ദര്‍ സിങ് വ്യക്തമാക്കി.

മാര്‍ച്ച് 16ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണച്ച സ്ഥാനാര്‍ത്ഥി സതീഷ് നന്ദലിനാണ് ഇവര്‍ അഞ്ചു പേരും ക്രോസ് വോട്ട് ചെയ്തത്. എന്നാല്‍ അന്തിമ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. പാര്‍ട്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കാന്‍ കോണ്‍ഗ്രസിന്റെ ഡിസിപ്ലിനറി ആക്ഷന്‍ കമ്മിറ്റി നിര്‍ദേശം കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു എന്നാണ് വിവരം.

ധര്‍മപാല്‍ മാലിക് ചെയര്‍മാനായ കമ്മിറ്റി എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ച ശേഷമായിരുന്നു നടപടി. കമ്മിറ്റി റിപ്പോര്‍ട്ടിനെ പിന്തുണച്ച ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റാവു നരേന്ദ്ര സിംഗ് ഇത് പാര്‍ട്ടി നേതൃത്വത്തിന് അയക്കുകയും ചെയ്തു.

ഷൈലി ചൗധരി, രേണു ബാല, ജാര്‍നെയില്‍ സിംഗ് എന്നിവര്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി. എന്നാല്‍ മറ്റ് രണ്ടു പേരും പ്രതികരിച്ചില്ല. താന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്നാണ് ഷൈലി ചൗധരി പറയുന്നത്. മുതിര്‍ന്ന നേതാക്കള്‍ തന്നെ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

അതേസമയം രേണുബാലയും സമാനമായ കാര്യമാണ് പറയുന്നത്. തന്നെ ഇതിലേക്ക് വലിച്ചിഴക്കുകയാണ് ഉണ്ടായതെന്നും രേണു ബാല പറയുന്നു. ജാര്‍നെയില്‍ സിങും താന്‍ ക്രോസ് വോട്ട് ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. മൂവരും തങ്ങളുടെ ബാലറ്റ് മുന്‍ മുഖ്യമന്ത്രി ഭൂപേന്ദീര്‍ സിങ് ഹൂഡയെ കാണിച്ചിരുന്നെന്നും അവകാശപ്പെടുന്നുണ്ട്. ഇദ്ദേഹത്തെയാണ് വോട്ടുകള്‍ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പ്പിച്ചത്.


Content Highlights: Indian National Congress suspended five MLAs from Haryana for cross-voting in the Rajya Sabha election held on March 16

dot image
To advertise here,contact us
dot image