ഹരിയാനയിലെ ഭൂമി ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ച കേസ്;റോബര്‍ട്ട് വാദ്രക്കെതിരെ ഇഡി കുറ്റപത്രം സ്വീകരിച്ച് കോടതി

കഴിഞ്ഞ ജൂലായിലാണ് ഇഡി വാദ്രയ്ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചത്

ഹരിയാനയിലെ ഭൂമി ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ച കേസ്;റോബര്‍ട്ട് വാദ്രക്കെതിരെ ഇഡി കുറ്റപത്രം സ്വീകരിച്ച് കോടതി
dot image

ന്യൂഡല്‍ഹി: ബിസിനസുകാരനും വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ച് ഡല്‍ഹി കോടതി. ഹരിയാനയിലെ ഷിക്കോപൂരിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കല്‍ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മെയ് 16ന് വാദ്രയോട് കോടതിയില്‍ ഹാജരാകാന്‍ സ്‌പെഷ്യല്‍ ജഡ്ജ് സുശാന്ത് ചങ്കോത്ര നിര്‍ദേശിച്ചു. കഴിഞ്ഞ ജൂലായിലാണ് ഇഡി വാദ്രയ്ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

ക്രിമിനല്‍ കേസില്‍ വാദ്രയ്‌ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ കുറ്റപത്രം ഫയല്‍ ചെയ്യുന്നത് ഇതാദ്യമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വാദ്രയെ ഇഡി തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലുള്ള സെക്ടര്‍ 83ല്‍ നടന്ന ഭൂമി ഇടപാടിലാണ് നടപടി. വാദ്ര മുന്‍പ് ഡയറക്ടറായിരുന്ന സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2008 ഫെബ്രുവരിയിലാണ് ഇടപാട് നടത്തിയത്. ഷിക്കോപൂരിലെ 3.5 ഏക്കര്‍ ഭൂമി ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്നും 7.5 കോടിക്ക് കമ്പനി വാങ്ങി. ഭൂപീന്ദര്‍ സിംഗ് ഹൂഡ നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തായിരുന്നു ഭൂമി ഇടപാട്.

നാലു വര്‍ഷത്തിന് ശേഷം 2012 സെപ്തംബറില്‍ കമ്പനി റിയല്‍ എസ്റ്റേറ്റ് ഭീമന്മാരായ ഡിഎല്‍എഫിന് ഇതേ ഭൂമി 58കോടിക്ക് മറിച്ചുവിറ്റു. 2012 ഒക്ടോബറിലാണ് ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ഖേമ ഇടപാടില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിക്കുന്നത്. ഭൂമി കൈമാറ്റത്തില്‍ നിയമലംഘനം നടന്നെന്ന് കാട്ടി ഭൂമിയുടെ മ്യൂട്ടേഷന്‍ അദ്ദേഹം റദ്ദാക്കി. എന്നാല്‍ ക്രമക്കേടുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു വാദ്രയുടെ പ്രതികരണം.

Content Highlights: A court in Delhi has taken cognisance of a chargesheet filed by the Enforcement Directorate against Robert Vadra.

dot image
To advertise here,contact us
dot image