

മലപ്പുറം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ്. കേവലം ഒരു വീട് പണിത് നല്‍കി നിതിന്റെ രക്തസാക്ഷിത്വത്തെ കോംപ്രമൈസ് ചെയ്യാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കരുതെന്ന് സി കെ നജാഫ് പറഞ്ഞു. നിതിന്‍ ആത്മഹത്യ ചെയ്തത് ജാതിക്കോമരങ്ങള്‍ കൂട്ടിയ ചിതയിലേക്കാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
'അവന്റെ ആത്മാവും എരിഞ്ഞടങ്ങിയ ശരീരവും ആഗ്രഹിക്കുന്നത് സമഗ്രമായ സാമൂഹിക പരിവര്‍ത്തനത്തിന് ഹേതുവാകാന്‍ സാധിക്കുന്ന ശക്തമായ നടപടികളാണ്. നിതിനെ ജാതിയുടെയും നിറത്തിന്റെയും പേരില്‍ അവഹേളിച്ച അധ്യാപകര്‍, ആള്‍ക്കൂട്ട വിചാരണ നടത്തിയ സ്റ്റാഫ് റൂം, ഉദാസീനമായി പ്രതികരിച്ച മേലധികാരികള്‍ എല്ലാവരും പ്രോസിക്യൂട്ട് ചെയ്യപ്പെടണം. പരമാവധി ശിക്ഷ അവര്‍ക്ക് വാങ്ങി നല്‍കണം', സി കെ നജാഫ് പറഞ്ഞു.
നിതിന്‍ അവസാനത്തെ ഇരയാകണമെന്നും ഇനിയൊരാള്‍ അപമാനിക്കപ്പെടരുതെന്നും സി കെ നജാഫ് പറഞ്ഞു. സവര്‍ണ ബോധത്തില്‍ കെട്ടിയ അധികാര കേന്ദ്രങ്ങള്‍ ഇടിഞ്ഞുവീഴണം. പുച്ഛവും പരിഹാസവും ക്രൂരമായ ജാതിയധിക്ഷേപത്തിന്റെ ആയുധങ്ങളാണ്. കറുത്തവന്റെയും ജാതിയില്‍ താഴ്ന്നവന്റെയും മാനത്തിന് വിലപറയുന്ന സവര്‍ണ പരിഹാസങ്ങള്‍ക്ക് നേരെ പ്രതിഷേധം ഉയരണമെന്നും സി കെ നജാഫ് കൂട്ടിച്ചേര്‍ത്തു.
'അവന്‍ ആഗ്രഹിച്ചത് ഡോക്ടറാവാനാണ്. അതിയായി ആഗ്രഹിച്ചിട്ടും അപമാനിച്ചിറക്കി വിട്ടതാണ് ആ ചെറുപ്പക്കാരനെ, മരണാനന്തരമെങ്കിലും 'പോസ്തുമസ്' ഡിഗ്രിയായി അവന് ബിരുദം അനുവദിക്കണം. അവനെ ഡോക്ടറായി പ്രഖ്യാപിക്കണം. അധ്യാപകര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ജാതിയുടെ വാത്മീകങ്ങള്‍ തകരണം. അതുകൊണ്ട് വീണ്ടും പറയട്ടെ വീട് നല്‍കിയാല്‍ നിതിന് നീതി കിട്ടില്ല', സി കെ നജാഫ് പറഞ്ഞു.
നീതി നിഷേധത്തിനെതിരെ ഉയരുന്ന അമര്‍ഷം കാട്ടുതീ പോലെ പടരണമെന്നും അനീതിയുടെ ജാതിക്കോട്ടകള്‍ എരിഞ്ഞുതീരണമെന്നും സി കെ നജാഫ് കൂട്ടിച്ചേര്‍ത്തു. നിതിന്‍ രാജിന് നീതി നേടികൊടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ പ്രതിഷേധത്തിന്റെ തീക്കനല്‍ ചവിട്ടികെടുത്തരുതെന്നും സി കെ നജാഫ് പറഞ്ഞു. നിതിനെ ഡോക്ടര്‍ ആയി പ്രഖ്യാപിച്ചാണ് ജാതി വെറിയുടെ ആണിക്കല്ല് തകര്‍ത്തെറിയേണ്ടതെന്നും ജാതീയതയോട് യുദ്ധം പ്രഖ്യാപിക്കേണ്ടതെന്നും സി കെ നജാഫ് പറഞ്ഞു.
Content Highlights: CK Najaf on Anjarakakndy Medical College student Nitin Rajs death