വീണ്ടും അക്ഷയതൃതീയ: കഴിഞ്ഞ തവണത്തെ സ്വർണവില ഓർമ്മയുണ്ടോ? 1 വർഷത്തിനുള്ളില്‍ വന്‍ വർധനവ്

വിശ്വാസപരമായി സ്വർണ്ണം വാങ്ങലിന് ഏറ്റവും ശുഭകരമായ ദിനമായി കണക്കാക്കപ്പെടുന്ന അക്ഷയ തൃതീയ ഈ മാസം 19 നാണ് വരുന്നത്

വീണ്ടും അക്ഷയതൃതീയ: കഴിഞ്ഞ തവണത്തെ  സ്വർണവില ഓർമ്മയുണ്ടോ? 1 വർഷത്തിനുള്ളില്‍ വന്‍ വർധനവ്
അജ്മല്‍ എം കെ
3 min read|15 Apr 2026, 07:11 pm
dot image

ഇന്ത്യക്കാരെ സംബന്ധിച്ച് സ്വർണം എന്നത് നിക്ഷേപ ആസ്തി എന്നതിനോടൊപ്പം തന്നെ സാംസ്കാരിക-മതപരമായ പ്രധാന്യംകൂടിയുള്ള ലോഹമാണ്. സമൃദ്ധി, ഐശ്വര്യം, ദീർഘകാല സമ്പത്ത് എന്നിവയുടെ പ്രതീകമായി സ്വർണ്ണത്തെ കാണുന്നതിനാൽ പ്രധാന ഉത്സവ സീസണകളിലെല്ലാം ഒരു തരിപൊന്നെങ്കിലും വാങ്ങുന്നത് ഐശ്വര്യമുള്ള കാര്യമായി പലരും കാണുന്നു. അത്തരത്തില്‍ ആചാരപരമായ പ്രാധാന്യത്തോടെ ആളുകള്‍ ഏറ്റവും കൂടുതല്‍ സ്വർണം വാങ്ങുന്ന ദിവസമാണ് അക്ഷയതൃതീയ.

വിശ്വാസപരമായി സ്വർണ്ണ വാങ്ങലിന് ഏറ്റവും ശുഭകരമായ ദിനമായി കണക്കാക്കപ്പെടുന്ന അക്ഷയ തൃതീയ ഈ മാസം 19 നാണ് വരുന്നത്. വില കൂടുതലാണെങ്കിലും ഈ വർഷവും അക്ഷയ തൃതീയ ദിനത്തില്‍ വലിയ രീതിയിലുള്ള വില്‍പ്പന ഉണ്ടാകുമെന്നാണ് കച്ചവടക്കാർ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്തവണ പ്രകതീക്ഷിക്കുന്ന കച്ചവടം ഉണ്ടാകില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്. കഴിഞ്ഞ അക്ഷയതൃതീയ മുതൽ ഇതുവരെ സ്വർണ്ണ വിലയിൽ ഏകദേശം 60 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

2025-ൽ 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് ഏകദേശം 96000-97000 ആയിരുന്നത് ഇപ്പോൾ 150000 മുതൽ 155000 വരെയാണ്. 22 കാരറ്റിന്റെ കാര്യമാണെങ്കില്‍ 87000 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 110000-112000 എന്ന നിലയിലാണ് വില്‍പ്പന. ഏകദേശം 60 ശതമാനത്തോളമാണ് വർധനവ്. ഇത് നിക്ഷേപകർക്ക് മികച്ച ലാഭം നൽകിയെങ്കിലും സാധാരണക്കാരായ സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 2027-ലെ അടുത്ത അക്ഷയതൃതീയയോടെ സ്വർണ്ണം കൂടുതൽ നേട്ടം തുടരുമോ എന്ന ചോദ്യം ഇപ്പോൾ നിക്ഷേപകരുടെ മനസ്സിൽ നിറഞ്ഞിരിക്കുന്നു.

നിലവിലെ സാഹചര്യം സ്വർണത്തെ സംബന്ധിച്ച് തീർത്തും പ്രവചനാതീതമാണ് . ഇറാൻ-യു.എസ് സംഘർഷം തുടരുന്നത്, അതിന്റെ ഫലമായി എണ്ണവിലയിലുണ്ടായ വർധനവ്, പണപ്പെരുപ്പ സമ്മർദ്ദം എന്നിവ കാരണം പലിശ നിരക്കുകളിലെ അനിശ്ചിതത്വം ഉയർന്നിരിക്കുന്നത്. യു എസ് ഫെഡറൽ റിസർവിന്റെ സമീപകാല നിലപാടുകള്‍ ഉയർന്ന പലിശ നിരക്കുകൾ നീണ്ടുനിൽക്കുമെന്ന സൂചനയും നൽകുന്നു. പണപ്പെരുപ്പം നിയന്ത്രണത്തിലാവാത്തപക്ഷം നിരക്കുകൾ വർധിപ്പിക്കാനുള്ള സാധ്യതയും ഉയർന്നുവരുന്നു. ഉയർന്ന ബോണ്ട് യീൽഡുകളും ശക്തമായ ഡോളറും സ്വർണ്ണം പോലുള്ള നോൺ-യീൽഡിങ് അസറ്റുകൾക്ക് ഹ്രസ്വകാലത്തേക്ക് തിരിച്ചടിയാവാമെന്ന് എൻറിച്ച് മണിയുടെ സിഇഒ പൊൻമുടി ആർ ഉള്‍പ്പെടേയുള്ളവരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇറാന്‍-ഇസ്രായേല്‍ സംഘർഷം വെടിനിർത്തല്‍ കരാറിലേക്ക് പോയതോടെ സമീപ ദിവസങ്ങളില്‍ സ്വർണ വിലയില്‍ മുന്നേറ്റമുണ്ടായിരുന്നു. എന്നാൽ, ഡോളർ ദുർബലമാവുകയും ക്രൂഡ് വില താത്കാലികമായി താഴുകയും ചെയ്ത സാഹചര്യത്തിലുണ്ടായ ഉയർച്ചയില്‍ നിന്നും വില താഴേക്ക് വന്നു. എന്നാല്‍ ഇന്നും ഇന്നലേയുമായി ചെറിയ കയറ്റവും കാണിക്കുന്നു. പ്രോഫിറ്റ് ബുക്കിങ് ആണ് വലിയ കുതിപ്പില്‍ നിന്നും ഇപ്പോള്‍ സ്വർണവിലയെ പിടിച്ച് നിർത്തുന്നത്.

പക്ഷെ, ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണം നല്‍കുന്ന പ്രതീക്ഷകള്‍ ഇപ്പോഴും പോസിറ്റീവ് ആണ് എന്നതാണ് ശ്രദ്ധേയം. സെൻട്രൽ ബാങ്കുകളുടെ തുടർച്ചയായ സ്വർണ്ണ വാങ്ങൽ, ലോകമെമ്പാടുമുള്ള കടബാധ്യതകളുടെ വർധന, ഫിയറ്റ് കറൻസികളിൽ നിന്നുള്ള വൈവിധ്യവൽക്കരണം, ജിയോപൊളിറ്റിക്കല്‍ പ്രതിസന്ധികളും ഉപരോധ ഭീഷണികളും തുടങ്ങിയ കാരണങ്ങളാണ് ദീർഘകാലാടിസ്ഥാനത്തിലെ പ്രതീക്ഷ വർധിപ്പിക്കുന്നത്.

“അടിസ്ഥാന ഘടകങ്ങൾക്ക് അനുകൂലമായ സാഹചര്യത്തിലും മാർക്കറ്റ് അനിശ്ചിതത്വങ്ങൾക്കിടയിലും സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഡോളർ ശക്തമാവുകയോ സംഘർഷങ്ങള്‍ ലഘൂകരിക്കപ്പെടുകയോ ചെയ്താൽ വിലയിൽ ഉണ്ടാവുന്ന ഇടിവുകൾ നല്ല അവസരങ്ങളാണ്.” ടാറ്റ മ്യൂച്ച്വൽ ഫണ്ടിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Content Highlights: Gold prices during Akshaya Tritiya have risen significantly compared to last year, highlighting a strong upward trend in the market. The year-on-year increase reflects changing global conditions and steady demand for gold during festive periods, making it more expensive for buyers this season.

dot image
To advertise here,contact us
dot image