ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവെച്ചു; തീരുമാനം ഇംപീച്ച്‌മെന്റ് നടപടികള്‍ നടക്കുന്നതിനിടെ

നേരത്തെ സ്വമേധയാ രാജി സമര്‍പ്പിക്കാന്‍ തയ്യാറാകാത്ത യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു

ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവെച്ചു; തീരുമാനം ഇംപീച്ച്‌മെന്റ് നടപടികള്‍ നടക്കുന്നതിനിടെ
dot image

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി ഭവന് കൈമാറി. കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുളള സുപ്രീംകോടതി കൊളീജിയം അദ്ദേഹത്തോട് രാജിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. സ്വമേധയാ രാജി സമര്‍പ്പിക്കാന്‍ തയ്യാറാകാത്ത യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നടക്കുന്നതിനിടെയാണ് രാജി.

ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ 2025 മാർച്ചിൽ യശ്വന്ത് വർമ്മയുടെ വസതിയിലെ സ്റ്റോർ റൂമിലുണ്ടായ തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സും ഡൽഹി പൊലീസുമാണ് ചാക്കിൽ കെട്ടിയ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പിന്നാലെ യശ്വന്ത് വർമ്മക്കെതിരെ പ്രതിഷേധം ശക്തമായി. പ്രതിപക്ഷവും ഭരണപക്ഷവും അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെടുകയായിരുന്നു. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതോടെ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തരകമ്മിറ്റിയും ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ വ്യക്തമായ തെളിവുകളില്ലാതെയാണ് റിപ്പോർട്ടെന്നായിരുന്നു ഇതിനോടുള്ള യശ്വന്ത് വർമ്മയുടെ പ്രതികരണം. സംഭവം തനിക്കെതിരായ ഗൂഢാലോചനയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു യശ്വന്ത് വർമ്മ. ജുഡീഷ്യൽ ചുമതലകളിൽ നിന്ന് മാറ്റിയെങ്കിലും അലഹാബാദ് ഹൈക്കോടതി ജഡ്ജിയായി തുടരുകയായിരുന്നു.

Content Highlights: Justice Yashwant Varma resigns; decision comes amid impeachment proceedings

dot image
To advertise here,contact us
dot image