

ചെന്നൈ: തനിക്കും നീതി വേണമെന്ന് അടിവരയിട്ടുകൊണ്ട് കരൂർ ദുരന്തത്തിനും തന്റെ അവസാന സിനിമയായ ജനനായകന്റെ റിലീസും സംബന്ധിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി ടിവികെ നേതാവ് വിജയ്. കരൂർ ദുരന്തത്തിൽ 41പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം സെപ്തംബർ 27നായിരുന്നു സംഭവം. ഏപ്രിൽ 23ന് ആദ്യമായി വിജയ് രൂപീകരിച്ച ടിവികെ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇതുവരെ രണ്ടുതവണയാണ് കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ വിജയ്‌യെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
വിജയ്‌യുടെ അവസാന ചിത്രമായ ജനനായകൻ ഇക്കഴിഞ്ഞ ജനുവരി 9ന് റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാത്തതിനാല്‍ റിലീസ് നടന്നില്ല. എന്നാൽ കടുത്ത അക്രമ രംഗങ്ങളാണ് ഉള്ളതെന്നും സൈന്യത്തെ കുറിച്ച് ചില പരമാർശങ്ങൾ ചിത്രത്തിൽ ഉണ്ടെന്നും ആരോപണങ്ങളുണ്ട്. കേന്ദ്രം അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് സിനിമയ്ക്ക് സർട്ടിഫിക്കേഷൻ നിഷേധിക്കുകയാണെന്ന് വിജയ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിജയുടെ സിനിമയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ ഡിഎംകെ നേതാവിന് വിജയ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
'എല്ലാവരും ചേർന്ന് സഖ്യം ചേർന്ന് ഒരുമിച്ച് എന്നെ എതിർക്കുകയാണ്. എങ്ങനെയാണ് നിങ്ങളുടെ വിജയ്‌യെ എല്ലാവരും എതിർക്കുന്നതെന്ന് എനിക്ക് വിശദീകരിക്കാൻ വയ്യ. കരൂർ ഗൂഢാലോചന മുതൽ നമ്മുടെ അവസാന ചിത്രമായ ജനനായകൻ വരെ ഈ തെരഞ്ഞെടുപ്പിൽ എനിക്കെതിരെയുള്ള ആയുധമായി മാറ്റാൻ അവർ ശ്രമിച്ചു. നിങ്ങൾക്ക് നീതി തേടി തരാൻ വന്ന എനിക്കും നീതി വേണം.'- തിരുച്ചിറപ്പള്ളി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ആദ്യ തെരഞ്ഞെടുപ്പിൽ വിജയ് ജനവിധി തേടുന്നത്. ചെന്നൈയിലെ പെരമ്പൂരിലും തിരുച്ചി ഈസ്റ്റിലും. തിരുച്ചിയിൽ ഡിഎംകെ എംഎൽഎ ഇനിഗോ ഇരുദയരാജും എഐഎഡിഎംകെയുടെ കെ രാജശേഖരനുമാണ് വിജയ്‌യുടെ എതിരാളികൾ.
Content Highlights:Actor Vijay demands justice over the Karoor incident, alleging conspiracies linked to the release of Jananayagan