

ന്യൂ ഡൽഹി: പശ്ചിമ ബംഗാൾ പോലെ ദ്രുവീകരിക്കപ്പെട്ട ഒരു സംസ്ഥാനം തങ്ങൾ കണ്ടിട്ടില്ല എന്ന് സുപ്രീംകോടതി. മാൾഡ ജില്ലയിൽ എസ്‌ഐആർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജുഡീഷ്യൽ ഓഫീസർമാരെ ജനക്കൂട്ടം തടഞ്ഞ സംഭവത്തിലായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. ഉദ്യോഗസ്ഥരെ ബന്ദികളാക്കുന്നത് വളരെ നിന്ദ്യമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ഡിജിപി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ നിഷ്‌ക്രിയത്വം കാണിച്ചതിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.
ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞ സംഭവം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്നും സുപ്രീംകോടതി വിമർശിച്ചു.ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതിനും നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്തുന്നതിനുമുള്ള നീക്കമാണെന്ന് ഇതെന്നും കോടതി അഭിപ്രായപ്പെട്ടു. പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ, എൻഐഎ തുടങ്ങിയവരെ സമീപിക്കാൻ ഇലക്ഷൻ കമ്മീഷന് കോടതി അനുമതി നൽകി.
സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനമാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നടത്തിയത്. ഉദ്യോഗസ്ഥരെല്ലാം ഇടപെടാൻ വൈകി. ചീഫ് സെക്രട്ടറിയെ ബന്ധപ്പെടാനോ കാര്യങ്ങൾ അറിയാനോ പോലും സാധിക്കാതെയായി. സംസ്ഥാനത്തെ ക്രമസമാധാനം ആകെ തകർന്നുവെന്നും കോടതി വിമർശിച്ചു.
കഴിഞ്ഞ ദിവസം അർധരാത്രി വരേയ്ക്കും സ്ഥിതിഗതികൾ നിരീക്ഷിക്കുകയായിരുന്നുവെന്നും കോടതി പറഞ്ഞു. കോടതിയുടെ അധികാരത്തെയടക്കം ചോദ്യം ചെയ്യുന്ന കാര്യമാണിത്. ഒരാളെയും നിയമം കയ്യിലെടുക്കാൻ സമ്മതിക്കില്ല എന്ന് വ്യക്തമാക്കിയ കോടതി എസ്‌ഐആർ പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്ന ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയ്ക്ക് ആവശ്യമെങ്കിൽ കേന്ദ്രസേനകളെ വിന്യസിക്കാനും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് മൂന്ന് വനിതകൾ അടക്കമുള്ള ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ മാൾഡ ജില്ലയിൽ ചിലയാളുകൾ തടഞ്ഞത്. വൈകുന്നേരം നാല് മണിയോടെയാണ് ഉദ്യോഗസ്ഥരെ ജനങ്ങൾ തടഞ്ഞത്. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ ഇതിന് അനുമതി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം ഓഫീസിൽ നിന്നിറങ്ങാൻ സമ്മതിക്കാതെ ജനങ്ങൾ തടഞ്ഞത്.
Content Highlights: The Supreme Court of India observed that it has not seen a state as polarized as West Bengal, while hearing a case related to an incident in Malda district. Judicial officers engaged in SIR operations were allegedly obstructed by a mob, prompting sharp criticism from the court over law and order concerns.