ഉത്തർപ്രദേശിൽ 23കാരനായ കോളേജ് വിദ്യാർത്ഥിയെ സഹപാഠി വെടിവെച്ച് കൊന്നു

ഉദയ് പ്രതാപ് കോളേജിലെ ബിഎ നാലാം സെമസ്റ്റർ വിദ്യാർത്ഥിയായ സൂര്യ പ്രതാപ് സിങാണ് കൊല്ലപ്പെട്ടത്

ഉത്തർപ്രദേശിൽ 23കാരനായ കോളേജ് വിദ്യാർത്ഥിയെ സഹപാഠി വെടിവെച്ച് കൊന്നു
dot image

ലക്നൗ: ഉത്തർപ്രദേശിൽ 23കാരനായ കോളേജ് വിദ്യാർത്ഥിയെ സഹപാഠി വെടിവെച്ച് കൊന്നു. വെള്ളിയാഴ്ച്ച ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം നടന്നത്. കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്. ഉദയ് പ്രതാപ് കോളേജിലെ ബിഎ നാലാം സെമസ്റ്റർ വിദ്യാർത്ഥിയായ സൂര്യ പ്രതാപ് സിങാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മഞ്ജീത് ചൗഹാൻ എന്ന സഹപാഠിയാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം.

വിദ്യാർത്ഥിയുടെ തലയ്ക്കും നെഞ്ചിനും നേരെ നാല് റൗണ്ട് വെടിയുതിർത്തതായാണ് ദൃക്സാക്ഷികൾ പറഞ്ഞത്. തുടർന്ന് അക്രമി ഒന്നാം നിലയിലേക്ക് ഓടിപ്പോയി. അതിർത്തി മതിൽ ചാടിക്കടന്നാണ് പ്രതി രക്ഷപ്പെട്ടത്. പിസ്റ്റൾ അടുത്തുള്ള ഒരു മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റ ഉടൻ തന്നെ വിദ്യാർത്ഥിയെ മാൾദഹിയയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് ബിഎച്ച് യു ട്രോമ സെന്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മകൻ്റെ മരണത്തിന് കാരണക്കാരനായ പ്രതിയെ ഇല്ലാതാക്കുന്നതുവരെ സംസ്കാരം നടത്തില്ലെന്ന് വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു. സൂര്യ പ്രതാപിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് പിതാവ് ഇങ്ങനെ പ്രതികരിച്ചത്. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയായ സൂര്യ പ്രതാപ് സിങ് പഠനത്തിനായി വാരണാസിയിൽ താമസിച്ചുവരികയായിരുന്നു. അതുലാനന്ദ് സ്കൂളിലെ ജീവനക്കാരായ ഋഷിദേവ് സിങ്, കിരൺ സിങ് എന്നിവരുടെ മകനാണ് സൂര്യ പ്രതാപ്.

സൂര്യ പ്രതാപിൻ്റെ കൊലപാതകത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. വിദ്യാർത്ഥികൾ പ്രധാന ഗേറ്റ് പൂട്ടുകയും കോളേജ് അടിച്ച് തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് പരിക്കേറ്റു. സംഘർഷം രൂക്ഷമായതോടെ പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റി.

Content Highlights: 23-year-old college student shot dead by classmate in Uttar Pradesh

dot image
To advertise here,contact us
dot image