

സാധാരണക്കാരന് നിക്ഷേപ ലോകത്തിന്റെ വാതിലുകൾ തുറന്നുകൊടുക്കാൻ പുതിയ നിയമവുമായി എഎപി എംപി രാഘവ് ചദ്ദ. ആസ്തികളെ ഡിജിറ്റൽ ടോക്കണുകളാക്കി മാറ്റുന്ന 'അസറ്റ് ടോക്കണൈസേഷൻ റെഗുലേഷൻ ബിൽ 2026' ആണ് അദ്ദേഹം പാർലമെന്റിൽ അവതരിപ്പിച്ചത്. കോടികൾ വിലയുള്ള കെട്ടിടങ്ങളിലോ സ്വർണ ശേഖരത്തിലോ ചെറിയ തുകയ്ക്ക് പങ്കാളികളാകാൻ സാധാരണക്കാരെ സഹായിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

എന്താണ് ടോക്കൺ?
ഒരാൾക്ക് ഒരു വലിയ ഷോപ്പിങ് മാളിലോ വലിയ അളവിലുള്ള ഭൂമിയിലോ നിക്ഷേപിക്കണമെന്നുണ്ടെങ്കിൽ ഇന്ന് കോടികൾ വേണം. എന്നാൽ ടോക്കണൈസേഷൻ വഴി ഈ ആസ്തിയെ ആയിരക്കണക്കിന് ഡിജിറ്റൽ കഷ്ണങ്ങളായി തിരിക്കാം. ഒരു ഓഹരി വാങ്ങുന്നതുപോലെ, ഈ ടോക്കണുകൾ ആർക്കും വാങ്ങാം. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇത് സുരക്ഷിതവും സുതാര്യവുമായിരിക്കും.
ബില്ലിലെ പ്രധാന നിർദേശങ്ങൾ
ഡിജിറ്റൽ ആസ്തികളിൽ നിക്ഷേപിക്കുന്നവരുടെ പണം നഷ്ടപ്പെടാതിരിക്കാൻ കൃത്യമായ നിയമനിർമാണം വേണം.
നിക്ഷേപകരെ സംരക്ഷിക്കാൻ സെബിക്ക് കൂടുതൽ അധികാരം നൽകണം.
വമ്പൻ സ്രാവുകൾക്ക് മാത്രം കൈപ്പിടിയിലൊതുങ്ങുന്ന റിയൽ എസ്റ്റേറ്റ്, സ്വർണ വിപണികൾ സാധാരണക്കാരന്റെ വിരൽത്തുമ്പിലെത്തിക്കുക.
ക്രിപ്‌റ്റോ കറൻസികളിൽനിന്ന് വ്യത്യസ്തമായി, യഥാർഥ ആസ്തികളുടെ പിൻബലമുള്ളതാണ് ഈ ടോക്കണുകൾ. അതുകൊണ്ടുതന്നെ ഇതിന് മൂല്യമുണ്ടാകും. ഇന്ത്യയെ ഒരു ആഗോള ഫിൻടെക് ഹബ്ബാക്കി മാറ്റാൻ ഈ നിയമം സഹായിക്കുമെന്ന് രാഘവ് ചദ്ദ പറഞ്ഞു. യുവാക്കൾക്കിടയിൽ ഡിജിറ്റൽ നിക്ഷേപങ്ങളോടുള്ള താല്പര്യം വർധിക്കുന്ന സാഹചര്യത്തിൽ ബില്ലിന് വലിയ പ്രാധാന്യമുണ്ട്.

നിയമമാകുമോ?
ഇതൊരു പ്രൈവറ്റ് മെമ്പർ ബിൽ ആണ്. ഒരു എം.പി വ്യക്തിപരമായ താല്പര്യത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളെയാണ് 'പ്രൈവറ്റ് മെമ്പർ ബിൽ' എന്ന് വിളിക്കുന്നത്. ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ഇത്തരം ബില്ലുകൾ നിയമമാകുന്നത് അപൂർവമാണ്. ബില്ല് നിയമമാകണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ അനിവാര്യമാണ്. ഡിജിറ്റൽ ആസ്തികളെയും ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെയും കുറിച്ച് സർക്കാർ ഇപ്പോൾ തന്നെ പഠനങ്ങൾ നടത്തുന്നുണ്ട്.
ബില്ലിലെ നിർദേശങ്ങൾ നല്ലതാണെന്ന് സർക്കാരിന് തോന്നിയാൽ, സർക്കാർ തന്നെ സമാനമായ ഒരു ഔദ്യോഗിക ബിൽ കൊണ്ടുവരാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അത് നിയമമായേക്കാം. ഇതിന് കുറെയേറെ കടമ്പകളുണ്ട്. അസറ്റ് ടോക്കണൈസേഷൻ നടപ്പിലാക്കണമെങ്കിൽ നിലവിലുള്ള പ്രോപ്പർട്ടി നിയമങ്ങളിലും സെബി നിയമങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇത് പെട്ടെന്ന് ചെയ്യാവുന്ന ഒന്നല്ല. ഭാവിയിൽ സർക്കാർ തന്നെ ഇത്തരം ഒരു നിയമം കൊണ്ടുവരാൻ ഈ ബിൽ പ്രേരണയായേക്കാം.
Content Highlights: Rajya Sabha MP Raghav Chadha introduces Private Member’s Bill on Asset Tokenisation in Parliament