

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് ആരംഭിക്കാനിരിക്കെ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വീണ്ടും തിരിച്ചടി. കെകെആറിന്റെ ഒരു ബോളർക്ക് കൂടി സീസൺ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ പേസർ ആകാശ് ദീപാണ് ഐപിഎല്ലിന്റെ പുതിയ സീസണിൽ നിന്നും പുറത്തായിരിക്കുന്നത്. പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്.
നേരത്തെ കെകെആറിന് തിരിച്ചടിയായി ഇന്ത്യൻ ഫാസ്റ്റ് ബോളർ ഹർഷിത് റാണ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ശ്രീലങ്കൻ പേസർ മതീഷ പതിരാനയ്ക്ക് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാവുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ് ദീപിനെയും കൊൽക്കത്തയ്ക്ക് നഷ്ടമായിരിക്കുന്നത്.
ആകാശ് ദീപിന് ഈ സീസണിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ടീം അധികൃതർ സ്ഥിരീകരിച്ചു. 29കാരനായ താരത്തിന് ഇതുവരെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. താരത്തെ മാസങ്ങൾ മുൻപ് അബുദാബിയിൽ നടന്ന മിനി ലേലത്തിൽ ഒരു കോടി രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്. എന്നാൽ ഈ ആഴ്ച ആരംഭിച്ച കൊൽക്കത്തയുടെ പരിശീലന ക്യാമ്പിൽ ആകാശ് ദീപ് ഇതുവരെ പങ്കെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്.
ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ ആകാശ് ദീപ് ചികിത്സയും പുനരധിവാസവും തുടരുകയാണ് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ കൈവശം വച്ചിരുന്ന ഐപിഎൽ കിരീടം നഷ്ടപ്പെട്ട കൊൽക്കത്ത ഞായറാഴ്ച നടക്കുന്ന ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ നേരിടും. പേസ് ബോളർമാരുടെ പരിക്കിനൊപ്പം മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ ഫോം നഷ്ടവും ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
Content Highlight: Another big blow for KKR; Akash Deep ruled out of IPL 2026 due to injury