

രക്തത്തിലെ മാലിന്യങ്ങളും അധികമുള്ള ദ്രാവകവും ഫില്‍റ്റര്‍ ചെയ്ത് നീക്കുന്നതില്‍ വൃക്കകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത് മാത്രമല്ല ഇലക്ട്രോലൈറ്റ് അളവുകള്‍ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും വൃക്കകള്‍ സഹായിക്കുന്നു.
വൃക്കയിലെ ആരോഗ്യമുളള കോശങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുകയും അവ നിയന്ത്രണാതീതമായി വളരുകയും ചെയ്യുന്ന രോഗമാണ് വൃക്ക കാന്‍സര്‍. വൃക്ക കാന്‍സര്‍ (റീനല്‍ സെല്‍ കാര്‍സിനോമ)നെ (RCC) പലപ്പോഴും 'നിശബ്ദ രോഗം' എന്നാണ് വിളിക്കുന്നത്. വര്‍ഷങ്ങളോളം അനക്കമൊന്നും ഇല്ലാതെ വളര്‍ന്ന ശേഷമാണ് രോഗ ലക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെടാന്‍ തക്കവണ്ണം പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. അപ്പോഴേക്കും രോഗം വഷളാവുകയോ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയോ ചെയ്‌തേക്കാം.

വൃക്കകള്‍ക്ക് സാധാരണയായി 'reserve capacity' ഉള്ളതിനാല്‍ ട്യൂമര്‍ വന്നാലും സാധാരണയായി മൂത്രമൊഴിക്കാനോ വിഷവസ്തുക്കളെ ഫില്‍റ്റര്‍ ചെയ്യാനോ ഉള്ള കഴിവിന് തടസമുണ്ടാകുന്നില്ല. പല കേസുകളിലും രോഗം ആകസ്മികമായി കണ്ടെത്തുകയാണ് ചെയ്യുന്നത്. മൂത്രത്തിലെ കല്ല് , മറ്റെന്തെങ്കിലും അണുബാധകള്‍ ഇവയുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, സിടി സ്‌കാന്‍ എന്നിങ്ങനെയുള്ള പരിശോധനകള്‍ നടത്തുമ്പോഴാണ് സാധാരണയായി വൃക്ക കാന്‍സര്‍ കണ്ടെത്തുന്നത്. വശങ്ങളിലെ വേദന, മുഴ, മൂത്രത്തിലെ രക്തം എന്നിവയാണ് സാധാരണയായി അറിയപ്പെടുന്ന ലക്ഷണങ്ങള്‍. എന്നാല്‍ ചില ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗം നേരത്തെ കണ്ടെത്താന്‍ സാധിക്കും. ആ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

മൂത്രത്തില്‍ രക്തം കാണപ്പെടുന്നതാണ് ഏറ്റവും സാധാരണയായ ലക്ഷണം. ഈ ലക്ഷണം എല്ലാ ദിവസവും കാണണമെന്നില്ല.ഒരിക്കല്‍ മൂത്രത്തില്‍ രക്തം വന്നാല്‍ പിന്നീട് ആഴ്ചകളോളം ഉണ്ടാവുകയില്ല. മൂത്രം പിങ്ക്, ചുവപ്പ്, അല്ലെങ്കില്‍ ഇരുണ്ട കോളയുടെ നിറത്തില്‍ പോലും കാണപ്പെടാം. ഇങ്ങനെ ഒരിക്കല്‍ സംഭവിച്ചാലോ വേദനയില്ലാതെ സംഭവിച്ചാലോ ഉടനടി പരിശോധന ആവശ്യമാണ്.
ഇരുന്ന് ജോലി ചെയ്യുമ്പോഴോ ഭാരം ഉയര്‍ത്തുമ്പോഴോ സാധാരണയായി എല്ലാവര്‍ക്കും നടുവേദന അനുഭവപ്പെടാറുണ്ട്. എന്നിരുന്നാലും വൃക്ക കാന്‍സറുമായി ബന്ധപ്പെട്ട വേദന വ്യത്യസ്തമാണ്. ഇത് സാധാരണയായി വശങ്ങളില്‍ അതായത് വാരിയെല്ലിന് ഇടയിലുളള ഭാഗത്ത് ഉണ്ടാകുന്ന ലഘുവായതും സ്ഥിരവുമായ വേദനയാണ്. വിശ്രമിച്ചാലും ഈ വേദന മാറുന്നില്ല എങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.

വൃക്കകള്‍ മെറ്റബോളിസം, ചുവന്ന രക്താണുക്കളുടെ ഉത്പാദനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന എറിത്രോപോയിറ്റിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വൃക്കയില്‍ ട്യൂമര്‍ ഉണ്ടാകുമ്പോള്‍ ഈ പ്രവര്‍ത്തനം തടസപ്പെടുന്നു. ഇത് മൂലം കടുത്ത ക്ഷീണവും ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റം വരുത്താതെതന്നെ ശരീരഭാരം കുറയാനും ഇടയാക്കുന്നു.
കാരണമൊന്നും ഇല്ലാതെ ഉണ്ടാകുന്ന പനി വൃക്ക കാന്‍സറുമായി ബന്ധപ്പെട്ട ഒരു സാധാരണ പാരാനിയോപ്ലാസ്റ്റിക് സിന്‍ഡ്രോം ആണ്. ചുമ, മൂക്കൊലിപ്പ്, അല്ലെങ്കില്‍ അറിയപ്പെടാത്ത എന്തെങ്കിലും അണുബാധ ഇവയോടൊപ്പം പനിയും കൂടി ഉണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.

വൃക്കകള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ട്യൂമര്‍ രക്ത സമ്മര്‍ദ്ദ വര്‍ധനവിന് കാരണമാകും. അതുപോലെ അമിതമായി വിയര്‍ക്കുന്നത് ശരീരം ഉപാപചയ സമ്മര്‍ദ്ദത്തിലാണെന്നതിന്റെ സൂചനയും കൂടിയാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വൃക്കരോഗം, പുകവലി, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുണ്ടെങ്കില്‍ നിങ്ങള്‍ക്കും അപകട സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ വൃക്ക കാന്‍സര്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിക്കാന്‍ വളരെ എളുപ്പമാണ്.
Content Highlights : It takes years for the symptoms of the disease to become noticeable