

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ചെന്നൈയിലെ നിയമസഭാ മണ്ഡലങ്ങളിലേക്ക് കണ്ണുവെച്ച് വിജയ് അടക്കമുളള ടിവികെയുടെ മുതിർന്ന നേതാക്കള്‍. വിജയ് പെരമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനാണ് സാധ്യതയെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. തിരുച്ചി ഈസ്റ്റില്‍ നിന്നും വിജയ് മത്സരിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നേതൃത്വം അത് തളളി. 2.22 ലക്ഷം വോട്ടര്‍മാരുളള പെരമ്പൂര്‍ ചെന്നൈ ജില്ലയിലെ സുപ്രധാന മണ്ഡലമാണ് പെരമ്പൂര്‍.
ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് ടി നഗറില്‍ നിന്നായിരിക്കും ജനവിധി തേടുക. തെരഞ്ഞെടുപ്പ് ചുമതലയുളള ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന വില്ലിവാക്കത്തുനിന്നും മത്സരിക്കും. ടിവികെയില്‍ ചേര്‍ന്ന മുന്‍ എഐഎഡിഎംകെ എംഎല്‍എ ജെ സി ഡി പ്രഭാകര്‍ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്നും ടിവികെ ട്രഷറര്‍ പി വെങ്കട്ടരാമന്‍ മൈലാപ്പൂരില്‍ നിന്നും മുന്‍ എംഎല്‍എ വി എസ് ബാബു കൊളത്തൂരുനിന്നുമായിരിക്കും ജനവിധി തേടുക. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാരായ എം അരുള്‍ പ്രകാശമും എ രാജ്‌മോഹനും സൈദാപ്പേട്ടുനിന്നും എഗ്മോറില്‍ നിന്നും മത്സരിക്കാനും തീരുമാനമായി. എന്‍ മേരി വില്‍സണ്‍ ആര്‍ കെ നഗറില്‍ നിന്നും മത്സരിക്കും.
ടിവികെ ഹൈ ലെവല്‍ കമ്മിറ്റിയുടെ ചീഫ് കോര്‍ഡിനേറ്ററും ഒന്‍പത് തവണ എംഎല്‍എയുമായ കെ എ സെങ്കോട്ടയ്യന്‍ സ്വന്തം മണ്ഡലമായ ഗോപിചെട്ടിപാളയത്തില്‍ നിന്നായിരിക്കും ജനവിധി തേടുക. ടിവികെയുടെ മറ്റൊരു ജനറല്‍ സെക്രട്ടറിയും മുന്‍ ഐആര്‍എസ് ഓഫീസറുമായ ആര്‍ അരുണ്‍രാജ് തിരുച്ചെങ്കോട് നിന്നും ജോയിന്റ് ജനറല്‍ സെക്രട്ടറി സി ടി ആര്‍ നിര്‍മ്മല്‍ കുമാര്‍ തിരുപ്പരന്‍കുണ്ട്രത്തുനിന്നും മത്സരിക്കാന്‍ തീരുമാനമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയും സഖ്യകക്ഷികളും ചെന്നൈ ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചിരുന്നു.
Content Highlights: TVK leaders eyeing Chennai constituencies; Vijay to seek election from Perambur