

പട്‌ന: ബിഹാറിലെ ഗയ ജില്ലയില്‍ സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തി വിദ്യാര്‍ത്ഥികള്‍. സിമുവാര മിഡില്‍ സ്‌കൂളിലെ ആറു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. നാല് കിലോമീറ്റര്‍ മാര്‍ച്ച് നടത്തി തേക്കാരി എസ്ഡിഎം ഓഫീസിലെത്തിയ വിദ്യാര്‍ത്ഥികള്‍ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉടനടി തന്നെ വിദ്യാഭ്യാസ വകുപ്പ് പ്രശ്‌നത്തില്‍ ഇടപെട്ടു.
വിവിധ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതിന് പുറമേ സ്‌കൂള്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും അധികൃതര്‍ നല്‍കിയിട്ടുണ്ട്. മതിയായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ കുട്ടികള്‍ പ്രതിഷേധം നടത്തിയ ദിവസത്തെ ശമ്പളം കട്ട് ചെയ്യുമെന്നും സ്‌കൂള്‍ അധികൃതരെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഓഫീസിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം, കുടിവെള്ളം, ശൗചാലയം, വൈദ്യുതി, ക്ലാസ് റൂമുകളില്‍ ഫാനുകള്‍, യുണിഫോമുകള്‍, അധ്യാപകരുടെ എണ്ണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പരാതികളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മനസിലാക്കിയ തേക്കാരി എസ്ഡിഎം പ്രവീണ്‍ കുന്തന്‍, മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
അമ്പതോളം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഈ സമയം എസ്ഡിഎം ഓഫീസിലുണ്ടായിരുന്നില്ല. ഇതോടെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ് കുട്ടികളുടെ പരാതി കേട്ടത്. പിന്നീട് എസ്ഡിഎം വന്നതിന് ശേഷം മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘത്തോട് അദ്ദേഹം സംസാരിച്ചു. അധ്യാപകരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംസാരിച്ചത്.
സ്‌കൂള്‍ ഹെഡ്മാസ്റ്ററോട് ഏഴ് ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘവും സ്‌കൂളിലെത്തി പരിശോധന നടത്തി. നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ശനമായ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് അധ്യാപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സ്‌കൂളിന് വൃത്തി വേണം, ടൊയ്‌ലറ്റുകളുടെയും ക്ലാസ്‌റൂമുകളുടെയും അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കണം, ഉച്ചഭക്ഷണത്തിന് ഗുണനിലവാരം ഉണ്ടായിരിക്കണം, പോഷകഗുണവും വൃത്തിയുമുള്ള ഭക്ഷണം നല്‍കണം, വൈദ്യുതി ഉറപ്പാക്കി എല്ലാ ക്ലാസുകളിലും ഫാനുകള്‍ സജ്ജീകരിക്കണം, ടൈംടേബിള്‍ അനുസരിച്ച് ക്ലാസുകള്‍ നടക്കണം, അധ്യാപകര്‍ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിന് കൃത്യമായ രീതി പിന്തുടരണം എന്നിങ്ങനെയാണ് സ്‌കൂളില്‍ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
സ്‌കൂളിലെ പഠന സമയത്ത് എങ്ങനെയാണ് കുട്ടികള്‍ക്ക് പ്രതിഷേധിക്കാന്‍ സൗകര്യം ലഭിച്ചത്? എന്തുകൊണ്ട് കൃത്യമായ പഠനം നടക്കുന്നില്ല? ഉച്ചഭക്ഷണത്തില്‍ പുഴുക്കളുടെ സാന്നിധ്യം എങ്ങനെ വന്നു? വകുപ്പുതല നിര്‍ദേശം നിലനില്‍ക്കേ വിദ്യാര്‍ത്ഥികളെ പഠനയാത്രകള്‍ക്ക് കൊണ്ടുപോകാത്തത് എന്തുകൊണ്ട്? എന്നിങ്ങനെയാണ് പ്രധാനാധ്യപകന് നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസില്‍ ചോദിച്ചിരിക്കുന്നത്.
മറ്റ് ഏഴ് അധ്യാപകര്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അത് ചോദ്യം ചെയ്ത് വകുപ്പിനെ അറിയിക്കുന്നതിന് പകരം, വിദ്യാർത്ഥികൾക്ക് പ്രതിഷേധം നടത്താന്‍ പിന്തുണ നല്‍കിയെന്ന ആരോപണമാണ് ഇവര്‍ക്കെതിരെ ഉയര്‍ത്തിയിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ കൃത്യമായ വിശദീകരണം ലഭിക്കണമെന്നും അല്ലെങ്കില്‍ പ്രതിഷേധം നടന്ന ദിവസത്തെ ശമ്പളം നല്‍കില്ലെന്ന മുന്നറിയിപ്പും നോട്ടീസുകളിലുണ്ട്. കഴിഞ്ഞദിവസം രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും സമാനമായ രീതിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു.
Content Highlights: Students in Bihar staged a protest over the lack of basic facilities in schools. Following the demonstration, authorities warned that the salaries of teachers could be withheld, bringing attention to the condition of school infrastructure and the administrative response