'കാലം കാത്തിരുന്നു മറുപടി നൽകും'; ടിവികെ നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി രജനീകാന്ത്

രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്താതിരുന്നത് ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണി മൂലമാണെന്നാണ് അർജുന ആരോപിച്ചത്

'കാലം കാത്തിരുന്നു മറുപടി നൽകും'; ടിവികെ നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി രജനീകാന്ത്
dot image

ചെന്നൈ: നടൻ വിജയ് നയിക്കുന്ന ടിവികെയുടെ നേതാവ് തന്നെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. 'സമയം സംസാരിക്കില്ല, പക്ഷേ കാത്തിരുന്നു മറുപടി നൽകും' എന്നാണ് രജനിയുടെ പ്രതികരണം. ഒപ്പം കക്ഷിരാഷ്ട്രീയ ഭേദമന്യേ തന്നെ പിന്തുണച്ച എല്ലാ രാഷ്ട്രീയക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു.

വൻ ആരാധകവൃന്ദമുള്ള രജനീകാന്ത് രാഷ്ട്രീയ വിവാദത്തിന് ഇരയായത് ടിവികെ ജനറൽ സെക്രട്ടറിയായ ആദവ് അർജുന നടത്തിയ പരാമർശത്തിന് പിന്നാലെയാണ്. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്താതിരുന്നത് ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണി മൂലമാണെന്നാണ് ആദവ് അർജുന ആരോപിച്ചത്. ടിവികെ നേതാവായ വിജയ്‌യുടെ മനോവീര്യത്തെ പുകഴ്ത്താൻ ആദവ് അർജുന നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതോടെ ശക്തമായ പ്രതികരണമാണ് പലകോണുകളിൽ നിന്നും ഉണ്ടായത്.

'തികച്ചും അപലപനീയമാണ്' ആദവ് അർജുന നടത്തിയ പരാമർശമെന്നാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി പ്രതികരിച്ചത്. രജനീകാന്ത് രാഷ്ട്രീയത്തിനും അതീതമാണ്, മാത്രമല്ല അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കുന്നു. ഇത്തരത്തിൽ അദ്ദേഹത്തിനെതിരെ നടത്തുന്ന പരമാർശങ്ങൾ താരത്തിന്റെ അന്തസിനെ കളങ്കപ്പെടുത്തുന്നതാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും എടപ്പാടി പറഞ്ഞു. കൂടാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കാനും മാറിനിൽക്കാനും എല്ലാവർക്കും അവകാശമുണ്ട്, അദ്ദേഹത്തിന് മാറിനിൽക്കാൻ അദ്ദേഹത്തിന്റേതായ കാരണമുണ്ടാകും. അത് മാനിക്കണമെന്നും എടപ്പാടി കൂട്ടിച്ചേർത്തു.

രജനീകാന്ത് സജീവരാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് 2020ല്‍ തന്നെ അദ്ദേഹം വ്യക്തത വരുത്തിയിരുന്നു. ആരോഗ്യകാരണവും കോവിഡ് 19മൂലമുള്ള പ്രശ്‌നങ്ങളുമായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. ടിവികെ നേതാവിന്റെ ആരോപണം പച്ചക്കള്ളമാണെന്നും ഇത്തരം പരാമർശത്തിലൂടെ രാഷ്ട്രീയ ഉന്നമനമാണ് ടിവികെ ലക്ഷ്യം വയ്ക്കുന്നതെന്നും ഡിഎംകെ നേതാവ് എസ് രഘുപതിയും പ്രതികരിച്ചിട്ടുണ്ട്. അതേസമയം രജനീകാന്തിനോട് ടിവികെ നേതാവ് ക്ഷമാപണം നടത്തണമെന്നാണ് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചത്. അതിനിടയിൽ ടിവികെ നേതാവിന്റെ പരാമർശം അസത്യമാണെന്ന് രജനീകാന്തും വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Rajinikanth reacted to remarks made by a leader of Tamilaga Vettri Kazhagam, calling the claims “untrue”

dot image
To advertise here,contact us
dot image