

ന്യൂ ഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിച്ചതോടെ വിമാനയാത്ര നിരക്കുകൾ വർധിപ്പിക്കാനൊരുങ്ങി ഇൻഡിഗോ. നാളെ മുതൽ ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ഇൻഡിഗോ ഉൾപ്പെടുത്തും. നിരക്കുകൾ സംബന്ധിച്ച പൂർണവിവരങ്ങൾ ഇൻഡിഗോ പുറത്തുവിട്ടു. ഇന്ന് അർധരാത്രി മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വരും.
പശ്ചിമേഷ്യൻ സംഘർഷം മൂലം ഇന്ധന വിലയിൽ ഉണ്ടായ വർധനവ് കാരണമാണ് ഈ നീക്കം എന്നാണ് ഇൻഡിഗോയുടെ വിശദീകരണം. ഇന്ത്യക്കുള്ളിൽ 425 രൂപ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളിലും 425 രൂപ, പശ്ചിമേഷ്യ 900 രൂപ, ദക്ഷിണ-കിഴക്കൻ ഏഷ്യ & ചൈന - 1800 രൂപ, ആഫ്രിക്ക & പടിഞ്ഞാറൻ ഏഷ്യ 1800 രൂപ, യൂറോപ്പ് 2300 രൂപ എന്നിങ്ങനെയാണ് ഇന്ധന സർചാർജ് നിരക്കുകൾ. സാഹചര്യം മൂലമാണ് ഈ വർധനവെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഇൻഡിഗോ പറഞ്ഞു. സാഹചര്യങ്ങളിൽ മാറ്റം വരുമ്പോൾ നിരക്കുകൾ കുറയ്ക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി.
നേരത്തെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും വിമാനനിരക്കുകൾക്ക് ഇന്ധന സർചാർജ് ഏർപ്പെടുത്തിയിരുന്നു. വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സർവീസുകളിലെ ടിക്കറ്റിൽ 399 രൂപയാണ് അധികമായി ഈടാക്കുന്നത്.
ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്‌ളൈറ്റുകൾക്ക് അധികമായി ചുമത്തുന്നത് 10ഡോളറാണ്. മാർച്ച് 18 മുതൽ യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് സർചാർജ് ഈടാക്കും. യൂറോപ്പിലേക്ക് അധികചാർജ് 25 ഡോളറാണെങ്കിൽ നോർത്ത് അമേരിക്കൻ, ഓസ്‌ട്രേലിയൻ യാത്രയ്ക്ക് അധിക ചാർജ് 50 ഡോളറാണ്. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ധന സർചാർജായി 20ഡോളറും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 30 ഡോളറും അധികമായി നൽകണം. എന്നാൽ ഹോങ്കോങ്ങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവടങ്ങളിലേക്കുള്ള സർചാർജ് പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: IndiGo has announced that it will introduce a fuel surcharge on ticket prices starting tomorrow amid rising tensions in West Asia. The airline said the surcharge is being implemented in response to increasing operational costs linked to the regional situation