ഇന്ത്യ സുഹൃത്ത്, ശുഭവാർത്ത വഴിയേ കേൾക്കാമെന്ന് ഇറാൻ; ഇന്ത്യൻ കപ്പലുകൾ പ്രതിസന്ധിയില്ലാതെ ഹോർമുസ് കടക്കും?

ഇന്ത്യയും ഇറാനും ഒരേ താത്പര്യങ്ങളാണ് കൈക്കൊള്ളുന്നത് എന്നും ഫത്താലി പറഞ്ഞു

ഇന്ത്യ സുഹൃത്ത്, ശുഭവാർത്ത വഴിയേ കേൾക്കാമെന്ന് ഇറാൻ; ഇന്ത്യൻ കപ്പലുകൾ പ്രതിസന്ധിയില്ലാതെ ഹോർമുസ് കടക്കും?
dot image

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾ കടന്നുപോകുന്നത് സംബന്ധിച്ച് മണിക്കൂറുകൾക്കകം ശുഭകരമായ വാർത്തകൾ കേൾക്കാമെന്ന് ഇറാൻ അംബാസഡർ. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യയിലെ ഇറാൻ പ്രതിനിധി മൊഹമ്മദ് ഫത്താലി ശുഭകരമായ വാർത്തകൾ ഉടൻ കേൾക്കാമെന്ന സൂചന നൽകിയത്. ഇന്ത്യ ഇറാന്റെ സുഹൃത്താണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇന്ത്യൻ കപ്പലുകളുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് മൊഹമ്മദ് ഫത്താലി പറഞ്ഞത്.

ഇന്ത്യയും ഇറാനും ഒരേ താത്പര്യങ്ങളാണ് കൈക്കൊള്ളുന്നത് എന്നും ഫത്താലി പറഞ്ഞു. സഹകരണവും സുഹൃത്ത്ബന്ധവും വഴി ഉടലെടുക്കപ്പെട്ടതാണ് ഇറാൻ-ഇന്ത്യ ബന്ധം. യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യ പല രീതിയിൽ ഇറാനെ സഹായിച്ചിട്ടുണ്ട് എന്നും ഫത്താലി പറഞ്ഞു.

കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന നയതന്ത്ര ചർച്ചകൾക്ക് പിന്നാലെയായിരുന്നു ഇറാൻ അനുമതി നൽകിയത്. പരിമൾ, പുഷ്പ എന്നീ രണ്ട് കപ്പലുകൾക്കാണ് അനുമതി നൽകിയത്. അമേരിക്ക, ഇസ്രയേൽ, യൂറോപ്പ് കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി ലഭിച്ചത്. ഇന്ത്യയുടെ എണ്ണ കപ്പലുകൾ ആക്രമിക്കില്ലെന്നും ഇറാൻ ഉറപ്പ് നൽകിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രസാദും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്.

ഇന്ത്യയിലേക്ക് എണ്ണയും പാചകവാതകവും എത്തിക്കുന്നതിൽ ഹോർമുസ് കടലിടുക്ക് നിർണായകമാണ്. ചരക്കുനീക്കം തടസ്സപ്പെട്ടത് ഇന്ത്യയിൽ പെട്രോൾ, പാചക വാതക ക്ഷാമമുണ്ടാക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. പുതിയ ചർച്ച പ്രതിസന്ധി പരിഹരിക്കുമെന്നാണ് വിലയിരുത്തൽ. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി നേരിടാൻ ഇന്ത്യൻ റഷ്യൻ എണ്ണ ഇറക്കുമതി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 45 ശതമാനത്തിൻ്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഇന്ത്യയിൽ പാചകവാതക പ്രതിസന്ധി രൂക്ഷമായിത്തന്നെ തുടരുകയാണ്. ഗ്രാമമേഖലയിൽ എൽപിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായിത്തന്നെ തുടരും.

Content Highlights: Iran Ambassador Mohammad Fathali hints at positive developments soon regarding Indian ships passing through the Strait of Hormuz.Speaking to the media, the envoy suggested that developments concerning the maritime route could be favorable for India

dot image
To advertise here,contact us
dot image