

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിന് ജാമ്യം. സഹോദന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. പത്ത് ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്.
ഈ മാസം നടക്കാനിരിക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ ആറ് ആഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടാണ് ഷർജീൽ ഇമാം ഹർജി സമർപ്പിച്ചത്. ഇതു പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബജ്പായ് മാർച്ച് 20 മുതൽ മാർച്ച് 30 വരെ ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യത്തിലിരിക്കെ മാധ്യമങ്ങളുമായി ബന്ധപ്പെടുകയോ സോഷ്യൽ മീഡിയ ഉപയോഗിക്കുകയോ ചെയ്യരുതെന്നും കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുമായി മാത്രമേ ഇടപഴകാവൂ എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
2020 ജനുവരി മുതല്‍ ഷര്‍ജീല്‍ ഇമാം ജയിലിലാണ്. 2025 സെപ്റ്റംബര്‍ രണ്ടിന് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് പതിവ് ജാമ്യം നിഷേധിക്കുകയും 2026 ജനുവരി അഞ്ചിന് സുപ്രീംകോടതി ആ തീരുമാനം ശരിവെക്കുകയും ചെയ്തിരുന്നു. 2020ല്‍ സിഎഎ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് ഉള്‍പ്പടെ എട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്. 2020ല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിന് പിന്നാലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസിലാണ് ഷര്‍ജീല്‍ ജയിലില്‍ കഴിയുന്നത്.
Conent Highlights: Sharjeel Imam secures 10-day bail in Delhi riots case for family wedding