

ചെന്നൈ: കോയമ്പത്തൂരിൽ മലയാളി വയോധികയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ കസ്തൂരി കുട്ടി(82)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിത്. നഞ്ചുണ്ടപുരത്തെ വീട്ടിലാണ് കസ്തൂരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കെട്ടി. വായിൽ തുണി തിരുകി നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ ജോലിക്ക് നിന്നിരുന്ന നേപ്പാൾ സ്വദേശിയായ യുവതിയെ കാണാതായതോടെ സംഭവത്തിൽ ദുരൂഹത ഉയർന്നു.
മകൻ ഡോ.രാംകുമാർ കുട്ടിക്കൊപ്പം ആണ് കസ്തൂരി താമസിച്ചിരുന്നത്. വീട്ടിൽ നിന്ന് സ്വർണ്ണം മോഷണം പോയതായും പൊലീസ് പറഞ്ഞു. രാംകുമാർ വിയറ്റ്നാം സന്ദർശനത്തിന് പോയപ്പോൾ അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നത് നേപ്പാളി സ്വദേശിയായ ജോലിക്കാരി സൂര്യ റോക്കി മാത്രമാണ്.
നഗരത്തിൽ തന്നെ മറ്റൊരു വീട്ടിൽ താമസിക്കുന്ന മകൾ രാവിലെ കസ്തൂരിയെ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ല. ജോലിക്കാരിയും ഫോൺ എടുക്കാതെ ആയതോടെ അയൽവക്കത്ത് താമസിക്കുന്ന സുഹൃത്തിനോട് വിവരം പറയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് കസ്തൂരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്കാരി വീട്ടിൽ ഉണ്ടായിരുന്നില്ല.
കസ്തൂരിയുടെ മൂന്ന് പവൻ തൂക്കമുള്ള സ്വർണമാലയും കാണാതായതായി പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും എട്ട് പ്രത്യേക സംഘങ്ങൾ ആയി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ജോലിക്കാരിയുടെ മൊബൈൽ ഫോൺ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് യുവാക്കൾ വീട്ടിൽ വരുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കും നേപ്പാളി യുവതിക്കും കൊലപാതകവുമായി ബന്ധം ഉണ്ടായേക്കാം എന്ന സംശയത്തിലാണ് പൊലീസ്.
Content Highlight : 82-year-old Kasturi Kutty found murdered inside her house in Coimbatore. The elderly woman was discovered dead at her residence