എംഎൽഎ കെ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി പരാതി

ഇന്ന് പുലര്‍ച്ചെ മുതല്‍ രണ്ട് മണിക്കൂര്‍ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി എംഎല്‍എ പറഞ്ഞു

എംഎൽഎ കെ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി പരാതി
dot image

പാലക്കാട്: കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ഇന്ന് പുലര്‍ച്ചെ മുതല്‍ രണ്ട് മണിക്കൂര്‍ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി എംഎല്‍എ പറഞ്ഞു. ഈ സംഘത്തില്‍ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി ശാന്തകുമാരി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ എംഎല്‍എ കുഴല്‍മന്തം പൊലീസില്‍ പരാതി നല്‍കി.

ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ നിന്ന് എന്ന പേരിലായിരുന്നു തട്ടിപ്പ് സംഘം വിളിച്ചത്. പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട അഫ്‌സല്‍ ഖാന്‍ എന്നയാള്‍ ശാന്തകുമാരിയുടെ പേരില്‍ സിം കാര്‍ഡ് എടുത്തെന്ന് സംഘം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സൈബര്‍ സെല്ലില്‍ നിന്നും വിളിക്കുമെന്നും അവിടെ നേരിട്ട് ഹാജരാകണമെന്നും തട്ടിപ്പ് സംഘം പറഞ്ഞതായി കെ ശാന്തകുമാരി പറഞ്ഞു.

തിരുവനന്തപുരത്തേക്ക് കോള്‍ കൈമാറുന്നു എന്ന് പറഞ്ഞ് ഫോണ്‍ കൈമാറിയിരുന്നു. എന്നാല്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ മലയാളത്തിലായിരുന്നു അവിടുന്ന് സംസാരിച്ചത്. തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എ ആണെന്നും പറഞ്ഞു. പിന്നാലെ മറ്റൊരു നമ്പര്‍ തന്നു, അതില്‍ വിളിച്ച് സംസാരിച്ചു. അപ്പോള്‍ സംഭവത്തില്‍ ഒന്നെങ്കില്‍ നേരിട്ടെത്തണം അല്ലെങ്കില്‍ മൊഴി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടുവെന്നും ശാന്തകുമാരി വ്യക്തമാക്കി.

പിന്നാലെ വീഡിയോ കോള്‍ വഴി ഒരാള്‍ മൊഴിയെടുക്കാന്‍ വന്നു. യൂണിഫോമും തൊപ്പിയുമെല്ലാമായി കണ്ടാല്‍ പൊലീസ് ലുക്കുള്ള ഒരാള്‍ തന്നെയായിരുന്നു മൊഴിയെടുക്കാന്‍ എത്തിയത്. വ്യക്തിപരമായ കാര്യങ്ങളടക്കം പല കാര്യങ്ങളും ചോദിച്ചു. മുസ്‌ലിം സുഹൃത്തുക്കളുണ്ടോ ശത്രുക്കളുണ്ടോ എന്നും അവര്‍ ചോദിച്ചു. പിന്നീട് ആധാര്‍ കാര്‍ഡ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ തനിക്ക് സംശയം തോന്നി. പിന്നീട് മകന്‍ വന്ന് തട്ടിപ്പുകാരോട് സംസാരിച്ചുവെന്നും ശാന്തകുമാരി പറഞ്ഞു.

മുംബൈ കനാറ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയതായും അതിലൂടെയാണ് ആക്രമണത്തിന് വേണ്ട തുക കൈമാറിയതെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ മുതല്‍ സംഭവത്തില്‍ ചെറിയ സംശയം തോന്നി തുടങ്ങി. പിന്നാലെ ഡ്രൈവര്‍ വന്ന് പറഞ്ഞു, കോള്‍ കട്ട് ചെയ്യൂ അത് ഫേക്ക് ആണെന്ന് പറഞ്ഞു. താന്‍ അപ്പോള്‍ തന്നെ കോള്‍ കട്ട് ചെയ്തതായും ശാന്തകുമാരി കൂട്ടിച്ചേര്‍ത്തു.

Content Highlight; Complaint of an attempt to digitally arrest Kongad MLA K Santhakumari

dot image
To advertise here,contact us
dot image