ആനന്ദബോസ് 'തെറിച്ചത്' BJP അധ്യക്ഷന്റെ പരാതിയിൽ; മമതയോട് അടുപ്പം കാണിച്ചു, നീക്കങ്ങളുടെ മുനയൊടിച്ചെന്നും പരാതി

ബംഗാൾ സർക്കാരിനോട് താരതമ്യേന അനുഭാവപൂർണമായ സമീപനമാണ് ആനന്ദബോസ് പുലർത്തിപ്പോന്നത്

ആനന്ദബോസ് 'തെറിച്ചത്' BJP അധ്യക്ഷന്റെ പരാതിയിൽ; മമതയോട് അടുപ്പം കാണിച്ചു, നീക്കങ്ങളുടെ മുനയൊടിച്ചെന്നും പരാതി
dot image

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് രാജിവെച്ചത് ബിജെപി നൽകിയ പരാതിക്ക് പിന്നാലെയെന്ന് റിപ്പോർട്ട്. ബംഗാൾ ബിജെപി അധ്യക്ഷൻ സുവേന്ദു അധികാരി കേന്ദ്രസർക്കാരിന് നൽകിയ പരാതിക്ക് പിന്നാലെയാണ് ആനന്ദബോസിന് രാജിവെക്കേണ്ടി വന്നത്.

സുവേന്ദു അധികാരി നേരിട്ടാണ് ആനന്ദബോസിനെതിരെ കേന്ദ്രത്തിന് പരാതി നൽകിയത്.

ബിജെപി ഇതര സംസ്ഥാനങ്ങളിലെ മറ്റ് ഗവർണർമാരുടെ സ്വഭാവത്തിന് വിഭിന്നമായി ബംഗാൾ സർക്കാരിനോട് താരതമ്യേന അനുഭാവപൂർണമായ സമീപനമാണ് ആനന്ദബോസ് പുലർത്തിപ്പോന്നത്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. സംസ്ഥാന സർക്കാരിൻ്റെ നയങ്ങളെ ഗവർണർ അനുകൂലിച്ചു എന്നും മമതയ്ക്കെതിരായ ബിജെപി നീക്കങ്ങളുടെ മുനയൊടിച്ചു എന്നുമാണ് ബംഗാൾ ബിജെപി കേന്ദ്രത്തിന് നൽകിയ പരാതിയിലുള്ളത്.

ഇതോടെയാണ് ആനന്ദബോസിന്റെ രാജിക്ക് പദ്ധതിയൊരുങ്ങിയത്. ബംഗാളിൽ ഉണ്ടായിരുന്ന ആനന്ദബോസിനെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി അമിത് ഷാ കണ്ടതായാണ് വിവരം. പിന്നാലെ ആനന്ദബോസ് രാജി സമർപ്പിക്കുന്നതായി വ്യക്തമാക്കി. പിന്നാലെ തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാരുമായി കൊമ്പുകോർക്കുന്ന ഗവർണർ ആർ എൻ രവിയെ ബംഗാൾ ഗവർണർ ആക്കി നിയമിക്കുകയായിരുന്നു.

അതേസമയം, ആനന്ദബോസിന്റെ രാജിയിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. എന്താണ് രാജ്യത്ത് സംഭവിക്കുന്നത് എന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിക്കുന്നത്. ജഗ്‌ദീപ് ധൻകറിനെ ഉപരാഷ്ട്രപതി പദത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പിൻഗാമിയായ സി വി ആനന്ദബോസിനും സമാനാനുഭവം ഉണ്ടായിരിക്കുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ പദവിയിലേറി മൂന്നര വർഷം ആയപ്പോഴാണ് സി വി ആനന്ദബോസ് രാജിവെച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കവെയായിരുന്നു ആനന്ദബോസിന്റെ അപ്രതീക്ഷിത രാജി. മതിയാവോളം സമയം ഗവര്‍ണര്‍ പദവിയില്‍ താന്‍ പിന്നിട്ടതായാണ് സി വി ആനന്ദബോസ് രാജിയെക്കുറിച്ച് പിടിഐയോട് പ്രതികരിച്ചത്.

ആനന്ദ ബോസിന്റെ രാജി ഞെട്ടിച്ചെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചത്. രാജിയുടെ കാരണം സംബന്ധിച്ച് നിലവില്‍ തനിക്ക് അറിവില്ല. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ, കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ നിന്നും രാജി സമ്മര്‍ദ്ദം ഉണ്ടായെങ്കില്‍ താന്‍ അത്ഭുതപ്പെടില്ലെന്നുമാണ് മമത എക്‌സില്‍ കുറിച്ചത്.

Content Highlights: Reports indicate that West Bengal Governor C V Ananda Bose resigned following a complaint submitted by BJP leader Suvendu Adhikari to the central government. The complaint reportedly raised serious concerns regarding the functioning of the Raj Bhavan administration

dot image
To advertise here,contact us
dot image