

പാട്‌ന: ബിഹാറിന്റെ മുഖ്യമന്ത്രിപദം ഒഴിഞ്ഞ് രാജ്യസഭയിലേക്ക് പോകാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ. രാഷ്ട്രീയ ജീവിതം ആരംഭിക്കുന്ന സമയം തന്നെ തന്റെ മനസിലൊരു ആഗ്രഹമുണ്ടായിരുന്നു. ബിഹാർ നിയമസഭയിലെ ഇരുസഭകളിലും അതേപോലെ പാർലമെന്റിലെ ഇരുസഭകളിലും അംഗമാകണമെന്നായിരുന്നു ആഗ്രഹിച്ചത്. അതിനാൽ ഇത്തവണ രാജ്യസഭയിലേക്കുള്ള തെരഞ്ഞടുപ്പിലൂടെ രാജ്യസഭാംഗമാകാൻ ആഗ്രഹിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ നിതീഷ് കുമാർ വ്യക്തമാക്കിയത്.
"കഴിഞ്ഞ് രണ്ട് ദശകത്തിലധികമായി നിങ്ങൾ നിങ്ങളുടെ വിശ്വാസവും പിന്തുണയും എന്നിലർപ്പിച്ചു. ആ വിശ്വാസത്തിലാണ് ബിഹാറിനെയും നിങ്ങൾ എല്ലാവരേയും മികച്ചരീതിയിൽ സേവിക്കാൻ കഴിഞ്ഞത്. നിങ്ങളുടെ വിശ്വാസത്തിന്റെയും പിന്തുണയുടെയും ശക്തിയിലാണ് ബിഹാർ വികസനത്തിന്റെയും അഭിമാനത്തിന്റെയും പുത്തൻ തലങ്ങളിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നത്. മുമ്പും ഇക്കാര്യത്തിൽ ഞാൻ നിങ്ങളോട് നന്ദി അറിയിച്ചിട്ടുണ്ട്. ഞാൻ നിങ്ങളോട് ഇപ്പോഴും സത്യസന്ധമായി പറയാൻ ആഗ്രഹിക്കുന്നത് നിങ്ങളോട് എനിക്കുള്ള ബന്ധം ഭാവിയിലും ഉണ്ടാകും എന്നതാണ്. നിങ്ങളോടൊപ്പം ചേർന്ന് വികസിത ബിഹാർ പടുത്തുയർത്താനുള്ള ദൃഢനിശ്ചയം അതേപടി തുടരും. വരാൻ പോകുന്ന പുതിയ സർക്കാരിന് എന്റെ പിന്തുണയും മാർഗദർശനവും ഉണ്ടാവും."- അദ്ദേഹം എഫ്ബിയിൽ കുറിച്ചു.
പത്താം തവണയും ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം, ആ പദവി ഒഴിയാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തീരുമാനിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകളിലാണ് ബിജെപി നേതൃത്വം. അതേസമയം നിതീഷിന്റെ മകൻ നിശാന്ത് കുമാർ ബിഹാർ ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്.
Content Highlights: Nitish Kumar clarified the reason behind filing nomination for the Rajya Sabha