

ബെംഗളൂര്‍: ആയത്തുള്ള ഖമനയിയുടെ കൊലപാതകത്തിനെ കുറിച്ച് പരാമർശിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ ചൊല്ലി കർണാടകയിൽ യുവാവിനെ മർദ്ദിച്ചു. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ കൊലപ്പെടുത്തിയതില്‍ പ്രതികരിച്ച് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനാണ് യുവാവിനെ നാലംഗസംഘം ആക്രമിച്ചത്. കർണാടകയിലെ ഗംഗാവതിയിലാണ് സംഭവം നടന്നത്. ഗംഗാവതി സ്വദേശിയായ ചന്ദ്രശേഖറാണ് ആക്രമണത്തിന് ഇരയായത്.
പുൽവാമ ആക്രമണത്തിലും ഖമേനിയുടെ കൊലപാതകത്തിലും സമൂഹത്തിലെ ഒരു വിഭാഗം മൗനം പാലിക്കുന്നുവെന്നാണ് ഇയാൾ സോഷ്യൽ മീഡിയയിൽ നടത്തിയ പ്രതികരണം. ഇതിൽ പ്രതിഷേധിച്ചാണ് ഒരു കൂട്ടം യുവാക്കൾ ചന്ദ്രശേഖറെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ നാല് യുവാക്കൾക്കെതിരെ കേസ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച ഗംഗാവതിയിലെ ചന്ദ്രശേഖറിൻ്റെ കടയിൽ വെച്ച് നാല് യുവാക്കൾ ആക്രമിക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത് തുടർന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഗംഗാവതി പോലീസാണ് കേസെടുത്തത്. അക്രമികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൻ്റെ ഗംഗാവതിയിലെ കടയിൽ ജോലി ചെയ്യുന്ന സമയം നാല് പേർ ആക്രമിച്ചതായും വധഭീഷണി നടത്തിയതായും ചന്ദ്രശേഖർ പൊലീസിന് മൊഴി നൽകിയിരുന്നു. തങ്ങളുടെ സമുദായത്തിനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് ചന്ദ്രശേഖർ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
Content Highlights: A young man was beaten up in Karnataka for sharing a post on social media mentioning the assassination of Khamenei