

ബെംഗളൂരു: ബെംഗളൂരുവിൽ ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേർ അറസ്റ്റിൽ. കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയലക്ഷ്മി ലേഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻ കൃഷ്ണയാണ് മരിച്ചത്.
ഫെബ്രുവരി 18 നാണ് കൊലപാതകം നടത്തിയതെന്നും മാർച്ച് 1 ന് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ദിവസം മോഹൻ കൃഷ്ണയും ബിന്ദുവും പ്രതികളും ചേർന്ന് വാടക വീട്ടിൽ ഒരു പാർട്ടി നടത്തിയിരുന്നതായും പാർട്ടിക്കിടെ മദ്യപിച്ച മോഹൻ കൃഷ്ണ ബിന്ദുവിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഇതിൽ പ്രകോപിതനായ വിനയ് കത്തികൊണ്ട് മോഹൻ കൃഷ്ണയെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
മോഹൻ കൃഷ്ണ നിലവിളിക്കാൻ തുടങ്ങിയപ്പോൾ മൂന്ന് പ്രതികളും ചേർന്ന് മോഹൻ കൃഷ്ണയുടെ വായിലും മൂക്കിലും സെല്ലോ ടേപ്പ് ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ പ്രതികൾ വീട് പൂട്ടി ഓടി രക്ഷപ്പെട്ടു. പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷനും കോൾ ഡാറ്റകളും ശേഖരിച്ചാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
മോഹൻ കൃഷ്ണ ഭാര്യയുമായി വേർപിരിഞ്ഞ് ബിന്ദുവുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു. രണ്ട് മാസം മുമ്പാണ് ഇരുവരും ചേർന്ന് വിജയലക്ഷ്മി ലേഔട്ടിൽ ഒരു വീട് വാടകയ്‌ക്കെടുത്തതെന്നും ദമ്പതികൾ ഉടൻ തന്നെ വീട് ഒഴിയുമെന്ന് പറഞ്ഞിരുന്നെന്നും അതിനാൽ ഉടമസ്ഥൻ ഔദ്യോഗിക വാടക കരാർ എഴുതിയിരുന്നില്ലയെന്നും പൊലീസ് വ്യക്തമാക്കി.
ബിന്ദു കൂട്ടുപ്രതിയായ വിനയുമായി പ്രണയത്തിലാണെന്നും വിനയ് അവളെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഹൻ കൃഷ്ണ തങ്ങളുടെ വിവാഹത്തിന് തടസ്സമാകുമെന്ന് ഭയന്നാണ് ഇരുവരും ചേർന്ന് ഈ കൊലപാതകം നടത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബജ്രംഗി, പൊലീസ് ക്വാർട്ടേഴ്‌സ്, കാലഭൈരവ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ബിന്ദു കന്നഡ ടിവി സീരിയലുകളിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.
Content Highlight : Kannada actress Bindu and two others have been arrested in Bengaluru in connection with the murder of her live-in partner. Police are investigating the circumstances behind the crime.