കോൺഗ്രസിനോട് 'മര്യാദ' കാട്ടി സ്റ്റാലിൻ, സീറ്റെണ്ണം കൂട്ടി; നടപടി ചിദംബരവുമായി നടന്ന ചർച്ചയ്ക്ക് പിന്നാലെ

30 നിയമസഭാ സീറ്റുകൾ, ഒരു രാജ്യസഭാ സീറ്റ് എന്നിങ്ങനെയായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്

കോൺഗ്രസിനോട് 'മര്യാദ' കാട്ടി സ്റ്റാലിൻ, സീറ്റെണ്ണം കൂട്ടി; നടപടി ചിദംബരവുമായി നടന്ന ചർച്ചയ്ക്ക് പിന്നാലെ
dot image

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 27 സീറ്റുകൾ നൽകാമെന്ന് സഖ്യകക്ഷിയായ കോൺഗ്രസിനോട് ഡിഎംകെ. മുൻപ് വാഗ്ദാനം ചെയ്ത 25 സീറ്റ് എന്നതാണ് ഡിഎംകെ 27 ആക്കി വർധിപ്പിച്ചിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരവുമായി എം കെ സ്റ്റാലിൻ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഡിഎംകെ സീറ്റുകൾ കൂട്ടിനൽകിയത്. ഒപ്പം ഒരു രാജ്യസഭാ സീറ്റും നൽകും.

30 നിയമസഭാ സീറ്റുകൾ, ഒരു രാജ്യസഭാ സീറ്റ് എന്നിങ്ങനെയായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി ഡിഎംകെയ്ക്ക് മേൽ കോൺഗ്രസ് നിരന്തര സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ 30 സീറ്റ് എന്ന ആവശ്യം ഡിഎംകെ തള്ളിക്കളഞ്ഞു. പിന്നാലെയാണ് പറഞ്ഞതിലും രണ്ട് സീറ്റ് അധികമായി നൽകിയത്.

പി ചിദംബരവുമായി നടന്ന ചർച്ചയിലാണ് സീറ്റ് വിഭജനത്തിൽ ഏകദേശ ധാരണയായത്. ചിദംബരം നേരത്തെ ഇടപെട്ടിരുന്നെങ്കിൽ സീറ്റ് ചർച്ചകൾ നല്ല രീതിയിൽ നടന്നേനെ എന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. ചിദംബരത്തിന് തങ്ങൾ മര്യാദ കല്പിക്കുന്നത് കാരണമാണ് 27 സീറ്റുകൾ നൽകുന്നത് എന്നും സ്റ്റാലിൻ പറഞ്ഞു. ചർച്ചയ്ക്ക് ശേഷമായിരുന്നു സ്റ്റാലിന്റെ ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടായത്. കഴിഞ്ഞ അഞ്ച് വർഷത്തിൽ ഡിഎംകെ കൈവരിച്ച രാഷ്ട്രീയമേൽക്കൈ വിവരിച്ചാണ് അധിക സീറ്റ് എന്ന കോൺഗ്രസിന്റെ ആവശ്യത്തിന് സ്റ്റാലിൻ തടയിട്ടത്.

കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം മൂലമാണ് ചിദംബരം സ്റ്റാലിനുമായി ചർച്ച നടത്തിയത്. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ സി വേണുഗോപാൽ എന്നിവർ ചേർന്നാണ് ചിദംബരത്തെ ചുമതലപ്പെടുത്തിയത്. 42 മുതൽ 45 സീറ്റുകളാണ് കോൺഗ്രസ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഇത് ഡിഎംകെ തള്ളിക്കളഞ്ഞു. പിന്നീട് പല ഘട്ടങ്ങളിലായി നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് 25 സീറ്റ് നൽകാമെന്ന് ഡിഎംകെ ഉറപ്പുനൽകിയത്. ഇതാണ് ഇപ്പോൾ 27 ആക്കിയിരിക്കുന്നത്.

Content Highlights: In a key development ahead of the Tamil Nadu Assembly elections, the Dravida Munnetra Kazhagam has offered 27 seats to its alliance partner, the Indian National Congress. The earlier commitment was for 25 seats, but the allocation has now been increased by two.

dot image
To advertise here,contact us
dot image