

ന്യൂഡല്‍ഹി: മുന്‍ പങ്കാളിയില്‍ നിന്ന് വളര്‍ത്തുനായയെ തിരികെ വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. റോട്ട്‌വീലര്‍ ഇനത്തില്‍ പെടുന്ന ഹെന്‍ട്രി എന്ന് വിളിക്കുന്ന നായയുടെ ഇടക്കാല സംരക്ഷണം നിഷേധിച്ച സാകേത് കോടതി ഉത്തരവിനെതിരെയാണ് മഹുവ മൊയ്ത്ര ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹെന്‍ട്രിയെ എല്ലാ മാസവും പത്തുദിവസം തനിക്കൊപ്പം അയക്കണമെന്ന് മഹുവ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2025 നവംബര്‍ പത്തിന് സാകേത് കോടതി മഹുവയുടെ ഹര്‍ജി തളളി.
ഹെന്‍ട്രിയെ തനിക്ക് സ്‌നേഹിക്കാനും പരിപാലിക്കാനും നല്‍കിയതാണെന്നും തനിക്കൊപ്പമായിരുന്നു നായ താമസിച്ചിരുന്നതെന്നും മഹുവ ഹര്‍ജിയില്‍ പറയുന്നു. താന്‍ നാട്ടിലില്ലാത്ത സമയത്ത് മാത്രമാണ് മുന്‍ പങ്കാളി ജയ് ആനന്ദ് ദെഹദ്രായ്‌ക്കൊപ്പം നായയെ വിട്ടിരുന്നതെന്നും വിചാരണാകോടതി വിധി അംഗീകരിക്കാനാവില്ലെന്നും മഹുവ പറഞ്ഞു. ജയ് ആനന്ദ് ആണ് നായയുടെ യഥാര്‍ത്ഥ ഉടമ എന്ന് തെളിയിക്കാന്‍ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും നായ തന്റേതാണെന്ന് തെളിയിക്കാന്‍ കെന്നല്‍ ക്ലബിന്റെ സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ ഉണ്ടെന്നാണ് മഹുവയുടെ വാദം.
സുപ്രീംകോടതി അഭിഭാഷകനായ ജയ് ആനന്ദ് ദെഹദ്രായും മഹുവ മൊയ്ത്രയും പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുണ്ടായിരുന്ന കാലത്ത് വാങ്ങിയതായിരുന്നു ഹെന്‍ട്രി എന്ന നായയെ. എന്നാല്‍ ഇവര്‍ വേര്‍പിരിഞ്ഞതോടെ നായയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട തര്‍ക്കവും ആരംഭിക്കുകയായിരുന്നു. 2021-ല്‍ താന്‍ ഡല്‍ഹിയില്‍ നിന്ന് 75,000 രൂപ കൊടുത്ത് വാങ്ങിയ നായയാണ് ഹെന്‍ട്രിയെന്നാണ് ജയ് ആനന്ദ് പറയുന്നത്. ഒരു രക്ഷിതാവിന് കുഞ്ഞിനോട് എന്നതുപോലെ ബന്ധം തനിക്ക് ഹെന്‍ട്രിയോടുണ്ടെന്നും 40 ദിവസം പ്രായമുളളപ്പോള്‍ മുതല്‍ താനാണ് ഹെന്‍ട്രിയെ നോക്കുന്നതെന്നുമാണ് ജയ് ആനന്ദ് പറയുന്നത്. എന്നാല്‍ ഹെന്‍ട്രി തനിക്ക് കുഞ്ഞിനെപ്പോലെയാണെന്നും ഹെന്‍ട്രിയെ ജയ് ആനന്ദ് വീട്ടില്‍ അതിക്രമിച്ച് കയറി കൊണ്ടുപോയെന്നും മഹുവ ആരോപിച്ചു. നായയുടെ കസ്റ്റഡി ലഭിക്കാനാണ് മഹുവ കോടതിയെ സമീപിച്ചത്.
Content Highlights: TMC MP Mahua Moitra approaches the High Court for the custody of pet dog from ex partner