

മുംബൈ: ബിജെപി നയിക്കുന്ന മഹാരാഷ്ട്ര സർക്കാരിനെ ന്യൂനപക്ഷ വിരുദ്ധമെന്ന് വിളിച്ച് പ്രതിപക്ഷം. വിദ്യാഭ്യസ സ്ഥാപനങ്ങളിലും സർക്കാർ - അർദ്ധ സർക്കാർ ജോലികളിലും മുസ്‌ലീം വിഭാഗത്തിന് അഞ്ചു ശതമാനം ക്വാട്ട അനുവദിക്കുന്ന ഓര്‍ഡിനന്‍സ് റദ്ദാക്കിയതിന് പിന്നാലെയായിരുന്നു പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തിയത്. ഇത്തരമൊരു നടപടി സ്വീകരിച്ചത് വഴി മഹായുതി സഖ്യം അനീതിയാണ് പ്രവർത്തിച്ചതെന്ന് സംസ്ഥാന കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായിരുന്ന നസീം ഖാൻ തുറന്നടിച്ചു.
വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട മുസ്‌ലീങ്ങൾക്കായുള്ള ക്വാട്ട വേണ്ടെന്ന് വച്ചത് തെറ്റാണെന്നും ഇതുവഴി ന്യൂനപക്ഷങ്ങൾക്ക് വികസനങ്ങൾക്കൊപ്പമെത്താനുള്ള അവസരം ഇല്ലാതാക്കുകയാണെന്നും നസീം ഖാൻ പറഞ്ഞു.
അതേസമയം ബിജെപി സ്വന്തം പാർട്ടിയിലെയും സഖ്യത്തിലെയും മുസ്‌ലീം നേതാക്കളെ വിലവയ്ക്കുന്നില്ലെന്നാണ് ശരത് പവാർ വിഭാഗം എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ അഭിപ്രായപ്പെട്ടത്. ബിജെപി, എൻസിപി, ശിവസേന എന്നിവ ഉൾപ്പെട്ട മഹായുതി സർക്കാരിന്റെ നിലപാടിനെതിരെ വിമർശനം ശക്തമാകുന്നുണ്ട്.
2014ൽ കോൺഗ്രസ് - എൻസിപി സർക്കാരാണ് മുസ്‌ലീം ക്വാട്ട അനുവദിച്ച് കൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചത്. പിന്നീട് വന്ന ദേവേന്ദ്ര ഫ്ഡനാവിസിന്റെ സർക്കാർ ഈ പ്രഖ്യാപനം തുടർന്ന് കൊണ്ടുപോകാൻ തയ്യാറായില്ല, ബോംബൈ ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചെങ്കിലും ഇത് നടപ്പാക്കാനുള്ള നടപടികളുണ്ടായില്ലെന്നും നസീം ഖാൻ ആരോപിക്കുന്നു.
കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പല പദ്ധതികളും അധികാരം മാറിയപ്പോൾ നിർത്തലാക്കി. വിദ്യാർത്ഥികൾക്കായുള്ള സ്‌കോളർഷിപ്പ് വെട്ടിക്കുറച്ചു. വർഷാവർഷം 90 കോടി അനുവദിച്ചിരുന്നിടത്ത് 20 കോടിയായി കുറച്ചു. ചില വമ്പൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി അനുവദിച്ചുക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് നൽകാൻ അഞ്ച് മുതൽ പത്തു ലക്ഷം രൂപ വരെ ഈടാക്കുന്നുണ്ട്. സർക്കാർ ഇത്തരം സർട്ടിഫിക്കറ്റുകൾ റദ്ദാക്കി എസ്‌ഐടിയെയോ സിഐഡിയെ കൊണ്ടോ ഇക്കാര്യത്തിൽ അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നും ഖാൻ ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളിൽ മുസ്‌ലീങ്ങൾ മാത്രമല്ല ജയിൻ, സിഖ്, പാർസി എന്നിവരും ഉൾപ്പെടും. ഇങ്ങനെയുള്ള എല്ലാ വിഭാഗങ്ങൾക്കും ഒരേ തരത്തിലുള്ള അവസരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഖാൻ മഹാരാഷ്ട്ര സർക്കാരിനെ ന്യൂനപക്ഷ വിരുദ്ധമെന്ന് വിളിച്ചത്. മുൻ കോൺഗ്രസ് സർക്കാർ മറാത്തകൾക്കായി 16 ശതമാനവും മുസ്‌ലീങ്ങൾക്കായി അഞ്ചു ശതമാനം ക്വാട്ടയുമാണ് നൽകിയിരുന്നത്.
Content Highlights: Opposition parties criticize the Maharashtra government after it revoked the 5% Muslim reservation in education and jobs