'പ്രധാനമന്ത്രിയുമായി നിമിഷപ്രിയ വിഷയം ചർച്ച ചെയ്തു; ദൗത്യം തീർന്നു'; ബാക്കി ചുമതല സർക്കാരിനെന്ന് ഹക്കീം അസ്ഹരി

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ തങ്ങളുടെ ദൗത്യം തീര്‍ന്നുവെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

'പ്രധാനമന്ത്രിയുമായി നിമിഷപ്രിയ വിഷയം ചർച്ച ചെയ്തു; ദൗത്യം തീർന്നു'; ബാക്കി ചുമതല സർക്കാരിനെന്ന് ഹക്കീം അസ്ഹരി
dot image

കൊച്ചി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് എസ് വൈ എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ തങ്ങളുടെ ദൗത്യം തീര്‍ന്നുവെന്നും ബാക്കിയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ചുമതലയാണെന്നും ഹക്കീം അസ്ഹരി പറഞ്ഞു. ദുബായിൽ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ പ്രതികരണം.

അതേസമയം മുസ്‌ലിങ്ങള്‍ സുരക്ഷിതരാണെന്ന കാന്തപുരത്തിൻ്റെ പ്രസ്താവനയിലും അദ്ദേഹം വിശദീകരണം നല്‍കി. മുസ്‌ലിങ്ങള്‍ക്ക് സുരക്ഷിത ബോധം ഉണ്ടെന്നും ശുഭപ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ അടിസ്ഥാനത്തിലുള്ള രാജ്യം എന്ന നിലയിലാണ് മുസ്‌ലിങ്ങള്‍ സുരക്ഷിതര്‍ എന്ന് പറഞ്ഞതെന്നും ഹക്കീം അസ്ഹരി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു മോദിയും കാന്തപുരവും തമ്മിലുള്ള കൂടിക്കാഴ്ച. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ സുരക്ഷിതരാണെന്നും രാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് അരക്ഷിതാവസ്ഥയില്ലെന്നും കാന്തപുരം പറഞ്ഞിരുന്നു. രാജ്യത്തിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയിൽ ചർച്ച ചെയ്തത്. വഖഫ് നിയമ ഭേദ​ഗതിയും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ചുമുള്ള ആശങ്കകൾ കൂടികാഴ്ചയിൽ ഉന്നയിച്ചതായും കാന്തപുരം പറഞ്ഞിരുന്നു.

Content Highlights: Abdul Hakkim Azhari confirms that the Nimishapriya issue was discussed in a meeting with PM Modi,

dot image
To advertise here,contact us
dot image