

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അയ്യായിരം രൂപ സ്വീകരിച്ചതിന് അമ്മയെ അടിച്ചെന്ന് മകന്‍. തമിഴക വെട്രി കഴകം പാർട്ടിയുടെ പരിപാടിക്കിടെ ഒരു തമിഴ് മാധ്യമം പ്രതികരണം തേടുന്നതിനിടെയാണ് താന്‍ അമ്മയെ അടിച്ചിട്ടാണ് വന്നതെന്ന് ടിവികെ പ്രവര്‍ത്തകനായ മകന്‍ പറഞ്ഞത്. ആ പണം വാങ്ങിയതിന് താന്‍ അമ്മയെ അടിച്ചുവെന്നും സ്റ്റാലിന്‍ തരുന്ന പണത്തിന് ജീവിക്കേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് ഇയാള്‍ പറയുന്നത്.
'ആ പണം വാങ്ങിയതിന് ഞാന്‍ എന്റെ അമ്മയെ അടിച്ചു ബ്രോ. ആ പണം വാങ്ങരുതെന്ന് പറഞ്ഞാണ് അടിച്ചത്. അമ്മയെ അടിച്ചിട്ടാണ് ഞാന്‍ വരുന്നത്. ആ പണം എനിക്കാവശ്യമില്ല. അവന്‍ തരുന്ന പണത്തിന് ജീവിക്കണം എന്ന ആവശ്യമേയില്ല' എന്നാണ് യുവാവ് പറയുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ 'കലൈജ്ഞര്‍ മഗളിര്‍ ഉരിമൈ തൊകൈ' പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്കാണ് സര്‍ക്കാര്‍ അയ്യായിരം രൂപ വീതം നല്‍കിയത്. 1.31 കോടി സ്ത്രീകളുടെ അക്കൗണ്ടുകളില്‍ പണമെത്തിയിരുന്നു. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പ്രതിമാസ വിഹിതം ചേര്‍ന്ന മുവായിരം രൂപയും പ്രത്യേക വേനല്‍കാല സഹായമായ രണ്ടായിരം രൂപയും ഉള്‍പ്പെടെയാണ് അയ്യായിരം രൂപ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത്. ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഈ പദ്ധതിയുടെ ഭാഗമായി നല്‍കുന്ന തുക ഇരട്ടിയാക്കുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു.
Content Highlights: 'i've slapped my mother for accepting money given by MK Stalin': TVK workers response viral