എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്: ഹര്‍ദീപ് സിങ് പുരി

എപ്സ്റ്റീനിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് ഒരു താല്‍പര്യവുമില്ല. താന്‍ അങ്ങനെയൊരു ആളല്ലെന്നും ഹര്‍ദീപ് സിങ് പുരി

എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്: ഹര്‍ദീപ് സിങ് പുരി
dot image

ന്യൂഡൽഹി: അന്തരിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. എപ്സ്റ്റീന്‍ ഫയലുകളില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഹര്‍ദീപ് സിങ് പുരി.

ന്യൂയോര്‍ക്കിലുണ്ടായിരുന്ന കാലത്ത് ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആ കാലഘട്ടത്തില്‍ താന്‍ സര്‍ക്കാരിന്റെ ഭാഗമല്ലായിരിന്നുവെന്നും അന്ന് മെയ്ക്ക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനുമാണ് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എപ്സ്റ്റീന്റെ മറ്റ് ഇടപാടുകളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാര്യങ്ങള്‍ പഠിക്കാതെ രാഹുലും പ്രിയങ്കയും ബഹളം വെക്കുകയാണെന്നും ഹര്‍ദീപ് സിങ് പുരി കുറ്റപ്പെടുത്തി. എപ്സ്റ്റീൻ്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് ഒരു താല്‍പര്യവുമില്ല. താന്‍ അങ്ങനെയൊരു ആളല്ല. രാഹുല്‍ ഗാന്ധി ഇമെയിലുകള്‍ കൃത്യമായി പരിശോധിക്കണമെന്നും ഹര്‍ദീപ് സിങ് പറഞ്ഞു.

ടിബിറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ പേര് എപ്സ്റ്റീന്‍ ഫയല്‍സില്‍ കണ്ടെത്തിയെന്ന വാദം തള്ളി ദലൈലാമയുടെ ഓഫീസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അടുത്തിടെയായി സമൂഹ മാധ്യമങ്ങളിലും ചില മീഡിയ റിപ്പോര്‍ട്ടുകളിലും ദലൈലാമയെയും എപ്സ്റ്റീന്‍ ഫയലുകളെയും ബന്ധിപ്പിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ദലൈലാമ ഒരിക്കലും ജഫ്രി എപ്സ്റ്റീനെ കണ്ടിട്ടില്ലെന്നും ഈ കാര്യം നിസംശയം സ്ഥിരീകരിക്കാന്‍ കഴിയുമെന്നും ദലൈലാമയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ജെഫ്രി എപ്സ്റ്റീന്റെ പേരില്‍ ആരുമായും ദലൈലാമ കൂടിക്കാഴ്ച നടത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Content Highlights: Union Minister Hardeep Singh Puri has said that he met Jeffrey Epstein. Hardeep Singh Puri was responding to Rahul Gandhi's allegations in Parliament about his name being mentioned in the Epstein files.

dot image
To advertise here,contact us
dot image