

പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് യുഎഇയിൽ നിന്നുള്ള ചില പ്രാദേശിക, അന്താരാഷ്ട്ര വിമാന സർവീസുകളിൽ റദ്ദാക്കലുകളും സമയമാറ്റങ്ങളും തുടരുന്നു. ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് നിലവിലെ മാറ്റങ്ങൾ പ്രധാനമായും ബാധിച്ചിരിക്കുന്നത്. വേനലവധിക്കാലത്തെ തിരക്ക് തുടരുന്നതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായി യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് എയർലൈൻ അധികൃതർ കർശന നിർദേശം നൽകി.
എതിഹാദ്, എമിറേറ്റ്സ്, എയർ അറേബ്യ എന്നീ എയർലൈനുകൾ ബഹ്‌റൈൻ, കുവൈറ്റ് റൂട്ടുകളിൽ ഭാഗികമായി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. എതിഹാദിന്റെ ബഹ്‌റൈനിലേക്കുള്ള ചില സർവീസുകൾ ആഗസ്റ്റ് 21 വരെ റദ്ദാക്കി. എമിറേറ്റ്സിന്റെ ദുബായ്–ബഹ്‌റൈൻ സെക്ടറിലെ ഏതാനും ഫ്ലൈറ്റുകൾ റദ്ദാക്കിയപ്പോൾ യോഗ്യരായ യാത്രക്കാർക്ക് അധിക നിരക്കില്ലാതെ തീയതി മാറ്റിനൽകുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ഫ്ലൈദുബായ് സർവീസുകൾ നിലവിൽ ഭൂരിഭാഗവും ഷെഡ്യൂൾ പ്രകാരം തന്നെ സർവീസ് നടത്തുന്നുണ്ട്.
പ്രാദേശിക സംഘർഷാവസ്ഥ മുൻനിർത്തി നിരവധി പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളും യുഎഇയിലേക്കും ഗൾഫ് നഗരങ്ങളിലേക്കുമുള്ള സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് എയർവേയ്‌സ്, ഫിലിപ്പീൻ എയർലൈൻസ്, എയർ കാനഡ, എയർ ഫ്രാൻസ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ കമ്പനികൾ ദുബായ് അടക്കമുള്ള നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കുകയോ പുനരാരംഭിക്കുന്നത് നീട്ടിവെക്കുകയോ ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പിന്നാലെയും പ്രധാന ഇന്ത്യൻ വിമാനത്താവളങ്ങളിൽ കർശന സുരക്ഷാ പരിശോധനകൾ തുടരുന്നതിനാൽ ഇന്ത്യ-യുഎഇ റൂട്ടിൽ യാത്ര ചെയ്യുന്ന പ്രവാസികളും ജാഗ്രത പാലിക്കണം. ഡൽഹി, മുംബൈ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങളിലെ പരിശോധനകൾക്കായി അധിക സമയം അനുവദിക്കണമെന്ന് എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ എയർലൈനുകൾ ആവശ്യപ്പെട്ടു.
വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾക്കും ഇമിഗ്രേഷൻ നടപടികൾക്കും കാലതാമസം നേരിടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ഓൺലൈൻ ചെക്ക്-ഇൻ മുൻകൂട്ടി പൂർത്തിയാക്കാനും നിശ്ചിത സമയത്തിന് കുറഞ്ഞത് മൂന്നോ നാലോ മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിൽ എത്താനും അധികൃതർ നിർദ്ദേശിക്കുന്നുണ്ട്.
Content Highlights: Abu Dhabi, emergency vehicles, Dh3,000 fine, traffic fine, UAE traffic rules, give way to emergency vehicles, road safety, Abu Dhabi police