മുടിവെട്ടി നശിപ്പിച്ചെന്ന് മോഡലിന്റെ പരാതി; 2 കോടി നഷ്ടപരിഹാരം 25 ലക്ഷമാക്കി സുപ്രീം കോടതി

രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവിലാണ് സുപ്രീം കോടതിയുടെ വിധി

മുടിവെട്ടി നശിപ്പിച്ചെന്ന് മോഡലിന്റെ പരാതി; 2 കോടി നഷ്ടപരിഹാരം 25 ലക്ഷമാക്കി സുപ്രീം കോടതി
dot image

ന്യൂഡൽഹി: മുടിവെട്ടി നശിപ്പിച്ചുവെന്ന് കാണിച്ച് സലൂണിനെതിരെ മോഡലായ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയ സംഭവത്തിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ(എൻസിഡിആർസി) ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവിലാണ് സുപ്രീം കോടതിയുടെ വിധി. രണ്ട് കോടിക്ക് പകരം സലൂൺ നിലവിൽ കെട്ടിവെച്ച 25 ലക്ഷം രൂപ നഷ്ടപരിഹാരമായി മതി എന്നാണ് കോടതിയുടെ വിധി.

ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയിലെ സലൂണിനെതിരെയാണ് മോഡലായ ആഷ്‌ന റോയി പരാതി നൽകിയത്. 2018ലായിരുന്നു പരാതിക്കിടയായ സംഭവം. മുടിയുടെ അറ്റത്തുനിന്ന് നാല് ഇഞ്ച് വെട്ടണമെന്ന നിർദേശം നൽകിയെങ്കിലും നാല് ഇഞ്ച് മാത്രം ബാക്കിയാക്കി മുടി വെട്ടിക്കളഞ്ഞു എന്നായിരുന്നു പരാതി. മുടിവെട്ടുന്നതിനിടെ താൻ സംശയം ചോദിച്ചെങ്കിലും സലൂണുകാർ ഇത് 'ലണ്ടൻ ഹെയർകട്ട്' ആണ് എന്നായിരുന്നു മറുപടി നൽകിയതെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ തനിക്ക് സിനിമകളിലും മോഡലിങ്ങിലും അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക സമ്മർദത്തിലേക്കും വിഷാദത്തിലേക്കും വരെ നയിച്ചുവെന്നും പരാതിക്കാരി ഉന്നയിച്ചിരുന്നു. അഞ്ച് കോടിയാണ് ആഷ്‌ന റോയി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നതെങ്കിലും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ രണ്ട് കോടി എന്ന തുകയിലേക്ക് എത്തുകയായിരുന്നു. എന്നാൽ മുടിവെട്ടിയത് കാരണം അവസരങ്ങളും വരുമാനവും നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്നതിൽ മോഡൽ പരാജയപ്പെട്ടുവെന്നായിരുന്നു സുപ്രീംകോടതിയുടെ നീരീക്ഷണം. ഇതിന് പിന്നാലെ മുൻകോടതി ഉത്തരവുകൾ പ്രകാരം സ്ഥാപനം ഇതിനകം കെട്ടിവെച്ച 25 ലക്ഷം രൂപ അന്തിമ നഷ്ടപരിഹാരമായി നൽകാൻ കോടതി വിധിക്കുകയായിരുന്നു.

Content Highlights: Supreme Court has quashed the Consumer Disputes Redressal Commission's order to pay Rs 2 crore in compensation to a model who filed a complaint against a salon alleging that she had damaged her hair after cutting it.

dot image
To advertise here,contact us
dot image