

ന്യൂ ഡൽഹി: കോടതിയെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കുകയാണോ എന്ന് മുൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയപാർട്ടിയോട് സുപ്രീംകോടതി. 2025 നവംബറിൽ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ജൻ സുരാജ് പാർട്ടിയുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. തെരഞ്ഞെടുപ്പിൽ ജനങ്ങൾ പാർട്ടിയെ തഴഞ്ഞില്ലേ എന്നും എന്നിട്ട് കോടതിയെ പബ്ലിസിറ്റിക്കായി ഉപയോഗിക്കുകയാണോ എന്നുമായിരുന്നു കോടതി ചോദിച്ചത്. പിന്നാലെ കോടതി ഹർജി തള്ളി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ചാണ് പാർട്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. എത്ര വോട്ടാണ് നിങ്ങളുടെ പാർട്ടിക്ക് കിട്ടിയത് എന്നും ജനങ്ങൾ നിങ്ങളെ തഴഞ്ഞില്ലേ എന്നും ചോദിച്ച കോടതി സുപ്രീംകോടതിയെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കുകയാണോ എന്നും ചോദിച്ചു. ജസ്റ്റിസ് ജോയ്മല്യ ബാഗ്ച്ചിയും പാർട്ടിക്കെതിരെ രംഗത്തുവന്നു. എങ്ങനെയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് നിങ്ങൾക്ക് പറയാനാവുക എന്നും നിങ്ങൾ അധികാരത്തിലെത്തിയാലും ഇത് തന്നെയല്ലേ ചെയ്യുക എന്നും ജോയ്മല്യ ബാഗ്ച്ചി ചോദിച്ചു. രാജ്യത്തെല്ലായിടത്തും ഉള്ള കാര്യമല്ലല്ലോ ഇത് എന്നും എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാത്തത് എന്നും ജഡ്ജി ചോദിച്ചു.
രൂക്ഷവിമർശനത്തിനിടെ പാർട്ടിയുടെ അഭിഭാഷകൻ ഇത് അഴിമതിയുടെ മാത്രം പ്രശ്നമല്ല എന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പ്രശ്നമാണ് എന്നും വാദിച്ചു. ഇതിനോട് ഏതെങ്കിലും ഒരു സ്ഥാനാർത്ഥിക്ക് പ്രയോജനമുണ്ടായി എന്ന് നിങ്ങൾക്ക് തെളിയിക്കാനായോ എന്ന് കോടതി തിരിച്ചുചോദിച്ചു.
കഴിഞ്ഞ ദിവസമാണ് 2025 നവംബറിൽ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിൽ വൻ തോതിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചാണ് പാർട്ടി സുപ്രീംകോടതിയെ സമീപിച്ചത്.
ഗുരുതരമായ ആരോപണങ്ങളാണ് പാർട്ടി ഹർജിയിൽ ഉന്നയിച്ചത്. മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയിലേക്ക് പുതിയതായി ഗുണഭോക്താക്കളെ ചേർക്കുകയും തെരഞ്ഞെടുപ്പിന്റെ സമയത്ത് സ്ത്രീ വോട്ടർമാർക്ക് 10,000 രൂപ നൽകിയതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനായി ഭരണഘടന നൽകുന്ന ഉറപ്പിന്റെ ലംഘനമാണ് ഇതെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ഇതിലൂടെ ബിഹാർ ഭരണകൂടം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കാര്യങ്ങളാണ് ചെയ്തത് എന്നും ഹർജിയിൽ പറയുന്നുണ്ട്.
സ്ത്രീവോട്ടർമാർക്ക് പണം നൽകിയത് ഭരണഘടനയുടെ 14, 21, 112, 202, 324 എന്നീ വകുപ്പുകളുടെ ലംഘനമാണ് എന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചു. ഭരണഘടനയിലെ 324, ജനപ്രാതിനിധ്യ നിയമത്തിലെ 123 വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിരുന്നു.
ഇതിനെല്ലാം പുറമെ ജീവിക പദ്ധതിക്ക് കീഴിൽ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട 1.80 ലക്ഷത്തോളം വനിതാ ഗുണഭോക്താക്കളെ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലായി വിന്യസിച്ചതിനെയും ഹർജി ചോദ്യം ചെയ്തിരുന്നു. ഇവയെല്ലാം പരിഗണിച്ച് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് പാർട്ടി ഹർജിയിൽ ആവശ്യപ്പെട്ടത്.
Content Highlights: While considering the Jan Suraj Party’s petition seeking the annulment of the 2025 Bihar Assembly elections, the Supreme Court questioned whether former election strategist Prashant Kishore’s political party was using the judiciary for publicity