

ന്യൂ ഡൽഹി: ഇന്ത്യ - യുഎസ് വ്യാപാരകരാറിൽ വ്യക്തത വരുത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കരാർ യുവാക്കള്‍ക്കും മധ്യവര്‍ഗത്തിനുമടക്കം എല്ലാ വിഭാഗം ജനങ്ങൾക്കും നേട്ടമാകുമെന്നും ലോക വിപണിയാണ് ഇന്ത്യക്ക് മുന്നില്‍ തുറക്കുന്നതെന്നും പറഞ്ഞ മോദി മറ്റ് വിശദാംശങ്ങൾ ഒന്നും പങ്കുവെച്ചില്ല. ഒരു വികസിത രാജ്യം ഒരു വികസ്വര രാജ്യത്തോട് കരാറുണ്ടാക്കുക എന്നത് വലിയ സംഭവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇന്ത്യ താരിഫ് പൂജ്യമാക്കുമെന്ന അമേരിക്കൻ പ്രസ്താവനയിലടക്കം മോദി മറുപടി നൽകിയില്ല.
രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ മറുപടി നൽകുമ്പോഴാണ് പ്രധാനമന്ത്രി പേരിന് മാത്രം കരാറിനെ പരാമർശിച്ചുപോയത്. കരാർ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും കേന്ദ്രസർക്കാർ ഇതുവരെ കൃത്യമായ ഒരു വിശദീകരണം നൽകിയിരുന്നില്ല. വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി, താരിഫ്, അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾ വാങ്ങൽ തുടങ്ങി നിരവധി വിവാദവ്യവസ്ഥകളാണ് കരാറിൽ ഉണ്ടായിരുന്നത്. ഇവയൊന്നിൽ പോലും പ്രധാനമന്ത്രി വ്യക്തത വരുത്തിയില്ല.
അതേസമയം, വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിക്കുകയും ചെയ്തു. പ്രതിപക്ഷ നിരയില്‍ നിന്ന് ഗൗരവമായ വിഷയങ്ങള്‍ ചർച്ചയിൽ ഉണ്ടായില്ലെന്ന് മോദി പറഞ്ഞു. വ്യപാരകരാര്‍ ചര്‍ച്ചക്കിടെ ബോഫോഴ്സും ചര്‍ച്ചയായത് കണ്ടെന്നും മോദി പ്രതിപക്ഷത്തെ പരിഹസിച്ചു. കോണ്‍ഗ്രസും ഡിഎംകെയും ഇടതുപക്ഷവും ഒരുപാട് കാലം രാജ്യം ഭരിച്ചവരാണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം തകര്‍ത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. എന്നാൽ ഇന്ന് ഈ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം റെക്കോർഡ് വളര്‍ച്ചയാണ് നേടുന്നത്. ബംഗാളിലെ ജനങ്ങളുടെ ഭാവി ഇരുട്ടിലാക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്നും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണ് അവർ ചെയ്യുന്നത് എന്നും മോദി പറഞ്ഞു.
മുൻ പ്രസംഗങ്ങളിലെന്ന പോലെ ഈ പ്രസംഗത്തിലും മോദി നെഹ്‌റുവിനെ കുറ്റപ്പെടുത്തി. രാജ്യത്തെ 35 കോടി ജനങ്ങളെ പ്രശ്നമായാണ് നെഹ്‌റു കണ്ടിരുന്നത്. എന്നാൽ ഇന്നീ രാജ്യത്തെ 140 കോടി ജനങ്ങളും തന്നോടൊപ്പമുണ്ടെന്ന് മോദി പറഞ്ഞു. രാഷ്ട്രപതിയെ അപമാനിച്ചത് വഴി ആദിവാസി സമൂഹത്തെത്തന്നെ കോൺഗ്രസ് അപമാനിച്ചു. അസമിലെ വനിതാ അംഗം ചെയറിലിരിക്കുമ്പോൾ കടലാസുകള്‍ വലിച്ചെറിഞ്ഞത് വഴി കോൺഗ്രസ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അപമാനിച്ചു. ദളിതനായ അംഗം ചെയറിനെ നിയന്ത്രിച്ചപ്പോൾ അദ്ദേഹത്തെയും കോൺഗ്രസ് അപമാനിച്ചു. രവ്നീത് സിങ് ബിട്ടുവിനെ ചതിയൻ എന്ന് വിളിച്ചത് മൂലം സിഖ് സമുദായത്തെയും കോൺഗ്രസ് അപമാനിച്ചുവെന്നും മോദി പറഞ്ഞു.
രാജ്യസഭയുടെ മേശയ്ക്ക് മേൽ കൃത്രിമകാലുകൾ വെച്ച് സി സദാനന്ദൻ നടത്തിയ പ്രസംഗത്തെയും മോദി പരാമർശിച്ചു. സദാനന്ദന്‍ രാഷ്ട്രീയപകപോക്കലിന്റെ ഇരയാണ്. രണ്ട് കാലുകളും വെട്ടിമാറ്റിയാൽ ശബ്ദം ഇല്ലാതാകില്ല. വെപ്പുകാലുകള്‍ വെച്ച് സദാനന്ദന്‍ നടത്തിയ പ്രസംഗം രാജ്യത്തിന് തന്നെ വലിയ സന്ദേശമാണ് നൽകുന്നത്. കൊടിയ അതിക്രമം ഏല്‍ക്കേണ്ടിവന്നിട്ടും ഇപ്പോഴും പോരാട്ടം തുടരുന്ന സദാനന്ദനെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.
25 വര്‍ഷമായി കോണ്‍ഗ്രസ് തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. സ്നേഹത്തിന്റെ കട നടത്തുന്നവര്‍ക്ക് വേണ്ടത് തന്റെ ജീവനാണ്. രാജ്യത്തെ ദാരിദ്ര്യമുക്തമാക്കിയതിനാണ് പ്രതിപക്ഷത്തിന് തന്റെ ജീവന്‍ വേണ്ടത്. റെയില്‍ക്രോസുകളില്‍ കുട്ടികള്‍ കൊല്ലപ്പെടുന്ന കാലം അവസാനിപ്പിച്ചതിനാണ് കോണ്‍ഗ്രസിന് തന്റെ ജീവന്‍ വേണ്ടത്. അതിര്‍ത്തിയില്‍ ബുള്ളറ്റ്പ്രൂഫില്ലാതെ കാവല്‍ നിന്ന ജവാന്മാര്‍ക്ക് വേണ്ടി രാജ്യത്തിന്റെ ഖജനാവ് തുറന്നുകൊടുത്ത സര്‍ക്കാരാണ് തന്റേത്. എന്നാൽ ഗാന്ധിജിയുടെ പേര് വരെ മോഷ്‌ടിച്ചവരാണ് കോൺഗ്രസ് എന്നും മോദി കുറ്റപ്പെടുത്തി.
Content Highlights: Prime Minister Narendra Modi did not provide detailed clarification on the proposed India US trade agreement. He stated that the deal would benefit all sections of society, including the youth and the middle class, and would open global market opportunities for India.