

ന്യൂഡൽഹി: ഇന്ത്യ - അമേരിക്ക വ്യാപാര കരാറിൽ വിശദീകരണവുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. കരാർ സമസ്ത ജനവിഭാഗങ്ങൾക്കും ഗുണകരമാണെന്ന് പീയുഷ് ഗോയൽ പറഞ്ഞു. പാർലമെന്റിൽ പറയാൻ ആഗ്രഹിച്ച കാര്യമാണിത്. പ്രതിപക്ഷം സഭാ നടപടികൾ തടസപ്പെടുത്തിയതിനാലാണ് ഇക്കാര്യങ്ങൾ പറയാൻ കഴിഞ്ഞതെന്നും പീയുഷ് ഗോയൽ പഞ്ഞു. രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്നും കേന്ദ്രമന്ത്രി തുറന്നടിച്ചു.
"ഇന്ത്യയ്ക്കാണ് ഏറ്റവും മികച്ച കരാർ ലഭിച്ചത്. രാജ്യത്തിന്റെ ഭാവിക്ക് ഉത്തേജനം നൽകുന്ന കരാറിനെ കുറിച്ച് പാർലമെന്റിൽ പറയാൻ ആഗ്രഹിച്ചതാണെങ്കിലും പ്രതിപക്ഷം സഭാ നടപടികൾ തടസപ്പെടുത്തി. അതിനാലാണ് പാർലമെന്റിന് പുറത്ത് പ്രസ്താവന നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള സൗഹൃദത്തിലൂടെയാണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമായത്. രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്കായാണ് ഇത് നടപ്പിലാക്കുന്നത്. മാസങ്ങളായി യുഎസ് അധികൃതരുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് ഈ കരാർ സാധ്യമായത്', പീയുഷ് ഗോയൽ പറഞ്ഞു.
കയറ്റുമതി രംഗത്തിന് വലിയ നേട്ടമാകുന്ന കരാറാണിത്. രാജ്യത്തിന് ഏറെ ഗുണകരമായ കരാർ സാമ്പത്തിക രംഗത്തും വലിയ നേട്ടമുണ്ടാക്കും. അയൽ രാജ്യങ്ങളേക്കാൾ ഏറ്റവും മികച്ച കരാറാണ് ഇന്ത്യക്ക് ലഭിച്ചതെന്നും പീയുഷ് ഗോയൽ പറഞ്ഞു. ചൈനയുമായി വ്യാപാര കരാർ ഉണ്ടാക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചുവെന്നും പീയൂഷ് ഗോയൽ ആരോപിച്ചു. ആ നീക്കത്തിൽ നിന്ന് രാജ്യത്തെ രക്ഷിച്ചത് നരേന്ദ്ര മോദിയാണ്. വ്യാപാര കരാർ കാർഷിക മേഖലയ്ക്കും ക്ഷീര മേഖലയ്ക്കും ഗുണം ചെയ്യും. സാങ്കേതിക രംഗത്ത് പുതിയ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനാകുമെന്ന് മാത്രമല്ല നിരവധി പേർക്ക് തൊഴിലവസരവും നൽകും. ചെറുകിട വ്യവസായ മേഖലക്ക് പുതിയ അവസരങ്ങൾ ലഭിക്കും. രാഹുൽ ഗാന്ധിയെ പോലുള്ളവർ കരാറിന്റെ മഹത്വത്തെ ഇല്ലാതാക്കി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പീയുഷ് ഗോയൽ കുറ്റപ്പെടുത്തി.
കരാർ മത്സ്യ കയറ്റുമതിക്ക് നേട്ടമുണ്ടാക്കുന്നതാണെന്നും അവകാശവാദവും മന്ത്രി ഉയർത്തുന്നുണ്ട്. വലിയൊരു കരാർ നരേന്ദ്ര മോദി യാഥാർത്ഥ്യമാക്കി. രാജ്യത്തെ പ്രധാനമന്ത്രി എങ്ങനെയാണ് കൃഷിക്കാർക്കും ക്ഷീര മേഖലയ്ക്കും വേണ്ടി പ്രവർത്തിക്കുന്നതെന്നും ജനങ്ങൾക്ക് അറിയാം. രാജ്യത്തെ ജനങ്ങൾക്ക് മോദി ചെയ്തതിനെ കുറിച്ച് അറിയാം എന്നതിൽ സന്തോഷമുണ്ട്. ഈ കരാർ സംഭവിച്ചതിലൂടെ പല മേഖലകളിലുള്ളവരും സന്തോഷത്തിലാണെന്നും പീയുഷ് ഗോയൽ അവകാശപ്പെട്ടു.
എൻജിനീയറിങ് സെക്ടർ, മറൈൻ സെക്ടർ ഉൾപ്പെടെ എല്ലാ മേഖലയിലും വലിയ അവസരങ്ങൾ ലഭിക്കുമ്പോൾ രാഹുൽ ഗാന്ധി എല്ലാവരിലും തെറ്റിദ്ധാരണ പടർത്തുകയാണ്. കോൺഗ്രസ് രാജിൽ പത്തുവർഷം കൊണ്ട് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ നശിപ്പിച്ച രാഹുൽ ഗാന്ധി ഭാരതത്തിനെ വീണ്ടും അതേ അവസ്ഥയിൽ കാണാനാണ് ആഗ്രഹിക്കുന്നതെന്നും പീയുഷ് ഗോയൽ ആരോപിച്ചു.
Content Highlights: Piyush Goyal criticizes Rahul Gandhi over his views on the Indo-US trade deal, highlighting the benefits it brings to every sector in India