'ദാദ'യുടെ വിടവ് നികത്താൻ ഭാര്യ സുനേത്ര പവാർ; ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ബാരാമതിയിൽ നിന്ന് മത്സരിക്കും

നിലവിൽ രാജ്യസഭാംഗമാണ് സുനേത്ര പവാർ

'ദാദ'യുടെ വിടവ് നികത്താൻ ഭാര്യ സുനേത്ര പവാർ; ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ബാരാമതിയിൽ നിന്ന് മത്സരിക്കും
dot image

മുംബൈ: അജിത് പവാറിന്റെ മരണത്തിന് പിന്നാലെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. ഒഴിവ് വന്ന ബാരാമതി നിയമസഭ മണ്ഡലത്തിൽ സുനേത്ര പവാറിനെ എൻസിപി അജിത് പവാർ വിഭാഗം രംഗത്തിറക്കിയേക്കും. നിലവിൽ രാജ്യസഭാംഗമാണ് സുനേത്ര പവാർ.

പാർട്ടിയിലെ മുതിർന്ന നേതാക്കളാണ് സുനേത്ര പവാർ, അജിത് പവാറിന് പകരക്കാരിയാകുമെന്ന സൂചനകൾ നൽകിയത്. സുനേത്ര പവാർ മന്ത്രിസഭയിലേക്ക് വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായി മുതിർന്ന എൻസിപി നേതാവും മന്ത്രിയുമായ നർഹാരി ശിർവാൾ 'പിടിഐ'യോട് പറഞ്ഞിരുന്നു. മറ്റ് മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബാൽ, ധനഞ്ജയ് മുണ്ഡെ, സുനിൽ തത്കാരെ എന്നിവർ സുനേത്ര പവാറുമായി ചർച്ചകൾ നടത്തിയെന്നാണ് വിവരം.

Also Read:

സുനേത്രയെ ബാരാമതിയിൽ മത്സരിപ്പിക്കാനും വിജയിപ്പിച്ച് ഉപമുഖ്യമന്ത്രിയാക്കാനുമാണ് പാർട്ടിയുടെ നീക്കം. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കാണാൻ ഒരുങ്ങുകയാണ് എൻസിപി നേതാക്കൾ. അതേസമയം, അജിത് പവാർ മരിച്ചതോടെ പാർട്ടിയുടെ കടിഞ്ഞാൺ തത്കാലത്തേക്ക് പ്രഫുൽ പട്ടേൽ ഏറ്റെടുത്തേക്കും.

ജനുവരി 28നാണ് ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടത്. വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാര്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണത്. ലാന്‍ഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെടുകയും തകര്‍ന്നുവീണതിന് പിന്നാലെ വിമാനം രണ്ടായി പിളരുകയുമായിരുന്നു. തുടര്‍ന്ന് വിമാനം പൂര്‍ണമായും കത്തിയമരുകയായിരുന്നു.

മഹാരാഷ്ട്രയിലെ രാഷ്ട്രീയചലനങ്ങളില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയ നേതാവാണ് അജിത് പവാര്‍. എട്ട് തവണ നിയമസഭാംഗവും അഞ്ച് തവണ ഉപമുഖ്യമന്ത്രിയും മന്ത്രിയുമായിരുന്ന അജിത് പവാർ എന്‍സിപിയുടെ മുഖമായിരുന്നു.

Content Highlights: After Ajit Pawar’s death, indications suggest his wife Sunetra Pawar may be considered for Maharashtra Deputy CM post

dot image
To advertise here,contact us
dot image